20231005 175848

പരിക്ക്; ലെവെന്റോവ്സ്കി പുറത്ത്, എൽ ക്ലാസിക്കോയും നഷ്ടമായെക്കും

മോശമല്ലാത്ത രീതിയിൽ സീസൺ ആരംഭിച്ച ബാഴ്‌സലോണക്ക് കുമിഞ്ഞു കൂടുന്ന പരിക്കുകളുടെ എണ്ണം തലവേദനയാവുന്നു. പെഡ്രി, ഡിയോങ് എന്നിവർക്ക് പുറമെ ഇപ്പോൾ ലെവെന്റോവ്സ്കിയാണ് പരിക്കിന്റെ പിടിയിൽ അമർന്ന പുതിയ താരം. ഇടത് കണങ്കാലിനേറ്റ പരിക്ക് താരത്തിന്റെ തിരിച്ചു വരവ് വൈകിപ്പിക്കുമെന്ന് ബാഴ്‌സലോണ അറിയിച്ചു.

നേരത്തെ ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരായ മത്സരത്തിലാണ് ലെവെന്റോവ്സ്കിക്ക് പരിക്കേറ്റത്. പോർട്ടോ താരം ഡേവിഡ് കാർമോയുടെ ടാക്കിളിൽ വീണു പുളഞ്ഞ താരം, മത്സരം അരമണിക്കൂർ ആവുമ്പോഴേക്കും കളം വിടാനും നിർബന്ധിതനായി. ഈ വാരം ഗ്രാനഡക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം ഉണ്ടാവില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. എന്നാൽ ലെവെന്റോവ്സ്കിയുടെ മടങ്ങി വരവ് നീണ്ടു പോയേക്കും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോളണ്ടിന് വേണ്ടി അടുത്തതായി നടക്കാൻ പോകുന്ന യൂറോ യോഗ്യത മത്സരത്തിലും മുന്നേറ്റ താരം ഉണ്ടാവില്ല. കൂടാതെ ഒക്ടോബർ അവസാനം നടക്കുന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിനും ഇപ്പോൾ ലെവെന്റോവ്സ്കിയുടെ സാന്നിധ്യം സംശയത്തിൽ ആണെന്ന് സ്പാനിഷ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ മുന്നോട്ടുള്ള കുറച്ചു മത്സരങ്ങൾ ബാഴ്‌സലോണക്ക് അതി കഠിനം തന്നെ എന്ന കാര്യത്തിൽ സംശയമില്ല.

Exit mobile version