ഹസാർഡിന്റെ ഗോളും അസിസ്റ്റും എത്തി!! റയൽ മാഡ്രിഡ് തലപ്പത്ത്!!

റയൽ മാഡ്രിഡ് ലാലിഗയിൽ അവരുടെ മികച്ച പ്രകടനം തുടരുന്നു. ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ഗ്രാനഡെ ആണ് സിദാന്റെ ടീം ശക്തമായ പോരാട്ടത്തിന് ഒടുവിൽ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഫോമിൽ ഇല്ലാ എന്ന് വിമർശനം കേട്ടുകൊണ്ടിരുന്ന ഹസാർഡിന്റെ യഥാർത്ഥ പ്രകടനം കണ്ട മത്സരമായിരുന്നു ഇത്. ഒരു ഗോളും ഒരു അസിസ്റ്റുമായാണ് ബെൽജിയൻ താരം ഇന്ന് തിളങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുന്നിലെത്താൻ റയലിന് ഇന്നായിരുന്നു. രണ്ടാം മിനുട്ടിൽ ബെയ്ലിന്റെ പാസിൽ നിന്ന് ബെൻസീമയാണ് ഗോൾവല ആദ്യം ചലിപ്പിച്ചത്. അവസാന ഏഴു ലാലിഗ മത്സരങ്ങളിൽ നിന്ന് ബെൻസീമയുടെ ആറാം ഗോളായിരുന്നു ഇത്. കളിയുടെ 45ആം മിനുട്ടിലാണ് ഹസാർഡിന്റെ ഗോൾ വന്നത്. വാല്വെർഡെയുടെ പാസിൽ നിന്നായിരുന്നു ഹസാർഡിന്റെ ഫിനിഷ്. 61ആം മിനുട്ടിൽ മോഡ്രിചിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കാനും ഹസാർഡിനായി.

3-0നു മുന്നിൽ എത്തിയ ശേഷം പക്ഷെ റയൽ മാഡ്രിഡിന്റെ അശ്രദ്ധ അവർക്ക് പ്രശ്നങ്ങൾ തന്നു. ഒരു പെനാൾട്ടിയിലൂടെ 69ആം മിനുട്ടിൽ തിരിച്ചടി തുടങ്ങിയ ഗ്രനാഡെ 77ആം മിനുട്ടിൽ സ്കോർ 3-2 എന്നാക്കി. മാചിസും ഡുരാട്ടെയുമാണ് ഗ്രനാഡയുടെ ഗോളുകൾ നേടിയത്. പക്ഷെ അവസാന നിമിഷത്തിൽ ഹാമെസ് റോഡ്രിഗസിന്റെ ഗോൾ റയലിന്റെ വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ റയൽ മാഡ്രിഡ് ലീഗിൽ 8 മത്സരങ്ങളിൽ നിന്ന് 18 പോയന്റുമായി ലീഗിൽ ഒന്നാമത് തന്നെ തുടരുകയാണ്.

Previous articleസിക്സടിയിൽ ഇന്ത്യക്ക് റെക്കോർഡ്!!
Next articleഇഞ്ചുറി ടൈം പെനാൽറ്റി രക്ഷിച്ചു, ലെസ്റ്ററിനേയും മറികടന്ന് ലിവർപൂൾ