ആറടിച്ച് ബാഴ്സലോണ, ജയം കണ്ട് റയൽ

സ്പാനിഷ് ലാ ലീഗയിൽ കിരീടം കൈവിടാനില്ലെന്ന സൂചനയാണ് ബാഴ്സലോണ നൽകുന്നത്. എന്നാൽ ബഹുദൂരം മുമ്പിലുള്ള റയൽ മാഡ്രിഡിൻ്റേയും ലക്ഷ്യം മറ്റൊന്നല്ല. ഇന്നലെ നടന്ന മത്സരത്തിൽ ആൽവസിനെ അവരുടെ മൈതാനത്ത് 6-0 ത്തിനാണ് ബാഴ്സ തകർത്തത്. ലൂയിസ് സുവാരസ് ഇരട്ടഗോൾ കണ്ടത്തിയ മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സി, നെയ്മർ, റാകിറ്റിച്ച് എന്നിവരും ലക്ഷ്യം കണ്ടു. എന്നാൽ കളിയുടെ അവസാന നിമിഷങ്ങളിൽ ഫോമിലുള്ള അലക്സ് വിദാലിനേറ്റ പരിക്ക് ബാഴ്സക്ക് തിരിച്ചടിയായി. ജയത്തോടെ ലീഗിൽ റയലിന് തൊട്ട് പിറകെ രണ്ടാം സ്ഥാനത്ത് തുടരാൻ ബാഴ്സക്കായി. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന ബാഴ്സലോണയ്ക്ക് ഈ ഫോം തുടരേണ്ടതുണ്ട്.

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ലീഗിലെ അവസാനക്കാരായ ഒസാസുനയെയാണ് റയൽ മാഡ്രിഡ്‌ 3-1 നു മറികടനത്. ക്ലബിനായി തൻ്റെ 500 മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ സെർജിയോ റാമോസിന് അർഹിച്ച സമ്മാനമായി ഈ ജയം. സൂപ്പർ താരം ക്രിസ്റ്റാന്യോ റൊണാൾഡോ, ഇസ്കോ, ലൂകാസ് എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. 2 മത്സരം എതിരാളികളെക്കാൾ കുറവ് കളിച്ചിട്ടും ലീഗിൽ ഒന്നാമത് തുടരുന്ന റയലിൻ്റെ ഇനിയുള്ള ലക്ഷ്യം ചാമ്പ്യൻസ് ലീഗിൽ നാപ്പോളിയുമായുള്ള മത്സരമാവും. ലീഗിൽ ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ അത്ലെറ്റിക് ബിൽബാവോ ഡെപ്പാർട്ടീവോയെ 2-1 നു തോൽപ്പിച്ചപ്പോൾ വലൻസിയ റയൽ ബെറ്റിസ് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

നിർണ്ണായക പോരാട്ടത്തിനാവും സെവിയ്യ, അത്ലെറ്റിക്കോ മാഡ്രിഡ്‌ ടീമുകൾ ഇറങ്ങുക. കിരീടം കൈവിട്ട് ആദ്യ നാല് ലക്ഷ്യമിടുന്ന അത്ലെറ്റിക്കോയുടെ എതിരാളികൾ കരുത്തരായ സെൽറ്റ വിഗോയാണ്. ലീഗിൽ ഇപ്പോൾ അഞ്ചാമതുള്ള അവരുടെ പ്രതീക്ഷകൾ ഗ്രീസ്മാൻ, കരാസ്ക എന്നിവരെ ചുറ്റിപറ്റിയാണ്. തിങ്കളാഴ്ച്ച പുലർച്ചെ 1.15 നാണ് ഈ മത്സരം. ഞായറാഴ്ച്ച രാത്രി 11 നു നടക്കുന്ന മത്സരത്തിൽ ലീഗിൽ മൂന്നാമതുള്ള സെവിയ്യയുടെ എതിരാളികൾ ലാസ് പാൽമാസാണ്. ജയത്തിൽ കുറഞ്ഞ ഒന്നും സാമ്പോളി ഈ മത്സരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല. ലീഗിൽ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ വിയ്യ റയൽ മലാഗയേയും നേരിടും. ലാ ലീഗ മത്സരങ്ങൾ സോണി സിക്സ്, സോണി സിക്സ് എച്ച്.ഡി എന്നീ ചാനലുകളിൽ തൽസമയം കാണാവുന്നതാണ്.