എന്തിന് മെസ്സി, എന്തിന് സുവാരസ്, ഗ്രീസ്മെൻ ഉണ്ടല്ലോ!!ഗംഭീര വിജയവുമായി ബാഴ്സലോണ!!

ഗ്രീസ്മൻ ബാഴ്സലോണയിൽ അവതരിച്ചു!! മെസ്സിയും സുവാരസും ഒന്നും ഇല്ലാത്തതിന്റെ ആശങ്കയിൽ ആയിരുന്ന ബാഴ്സലോണ സ്വന്തം തോളിലേറ്റി വമ്പൻ വിജയത്തിലേക്ക് തന്നെ ഇന്ന് ഗ്രീസ്മൻ ക്ലബിനെ നയിച്ചു. റയൽ ബെറ്റിസിനെതിരെ ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിൽ ബാഴ്സലോണ ഒരു ഗോളിന് പിറകിൽ പോയിരുന്നു. അവിടുന്ന തിരിച്ചടിച്ച് 5-2ന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.

രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായാണ് ഗ്രീസ്മൻ ഇന്ന് താരമായത്. നെബിൽ ഫെകിറിന്റെ ഗോളിൽ പിറകിൽ ആയിപ്പോയ ബാഴ്സയെ 41ആം മിനുട്ടിലെ ഗോളിലൂടെ ഗ്രീസ്മൻ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗംഭീര ഫിനിഷിലൂടെ ഗ്രീസ്മൻ തന്നെ ക്ലബിന് ലീഡും നൽകി. മുന്നിൽ എത്തിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ബാഴ്സലോണ തുടരെ തുടരെ ഗോളുകൾ നേടി.

കാർലസ് പെരെസ്, ജോർദി ആൽബ, വിദാൽ എന്നിവരായിരുന്നു ബാഴ്സലോണയുടെ മറ്റു സ്കോറേഴ്സ്. ഇതിൽ വിദാലിന്റെ ഗോൾ ഗ്രീസ്മനാണ് അസിസ്റ്റ് ചെയ്തത്. ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്ന ബാഴ്സലോണക്ക് ഈ വിജയം അത്യാവശ്യമായിരുന്നു.

Previous articleനാലാം ദിവസം തന്നെ ഇന്ത്യൻ വിജയം!! ബുമ്രയ്ക്ക് മുന്നിൽ തകർന്നിടിഞ്ഞ് വെസ്റ്റിൻഡീസ്!!!
Next articleപി എസ് ജി വീണ്ടും വിജയ വഴിയിൽ