ഗ്രീസ്മെനെ വാങ്ങിയതിന് ബാഴ്സലോണയെ കോടതി കയറ്റുമെന്ന് അത്ലറ്റിക്കോ മാഡ്രിഡ്

ഗ്രീസ്മെന്റെ ട്രാൻസ്ഫർ സാഗാ ഇന്ന് ബാഴ്സലോണ റിലീസ് ക്ലോസ് കൊടുത്തതോടെ അവസാനിച്ചു എന്ന് കരുതി എങ്കിൽ തെറ്റി. ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത് തെറ്റായ രീതിയിലാണെന്ന് പറഞ്ഞ് നിയമനടപടിക്ക് ഒരുങ്ങുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 120 മില്യൺ റിലീസ് ക്ലോസ് മുടക്കിയാണ് ഗ്രീസ്മെനെ ബാഴ്സലോണ സ്വന്തമാക്കിയത്.

എന്നാൽ 200 മില്യണാണ് ബാഴ്സലോണ നൽകേണ്ടിയിരുന്നത് എന്ന് അത്ലറ്റിക്കോ മാഡ്രിഡ് പറയുന്നു. ഗ്രീസ്മെന്റെ റിലീസ് ക്ലോസ് 120 മില്യണായി കുറയാൻ കാത്തിരിക്കുകയായിരുന്നു ബാഴ്സലോണ. അങ്ങനെ ആയതിനു ശേഷമാണ് ബാഴ്സലോണ ഗ്രീസ്മെന്റെ റിലീസ് ക്ലോസ് നൽകിയത്. എന്നാൽ ബാഴ്സലോണ താരവുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തി ധാരണയാക്കിയിരുന്നു എന്നും ഗ്രീസ്മെന്റെ റിലീസ് ക്ലോസ് കുറയും മുമ്പ് തന്നെ താരം ബാഴ്സലോണയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നു എന്നും അത്ലറ്റിക്കോ മാഡ്രിഡ് പറയുന്നു.

ബാഴ്സലോണ 80 മില്യൺ കൂടെ നൽകണമെന്നാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആവശ്യം. അല്ലായെങ്കിൽ നിയമപരമായി തന്നെ ക്ലബ് മുന്നോട്ട് പോകും.