ഗ്രീസ്മാന്റെ കാര്യത്തിൽ ധാരണയിൽ എത്താൻ ബാഴ്‌സയും അത്ലറ്റികോ മാഡ്രിഡും

ഒടുവിൽ ആന്റണിയോ ഗ്രീസ്മാന് ആശ്വാസമായി താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങളുമായി അത്ലറ്റികോ മാഡ്രിഡ്. ഇരുപത് മില്യൺ യൂറോയോളം വരുന്ന കൈമാറ്റ തുകക്ക് ആയിരിക്കും താരത്തെ അത്ലറ്റികോ സ്വന്തമാക്കുക. ഈ കാര്യത്തിൽ ഇരു ക്ലബ്ബുകളും ഏകദേശ ധാരണയിൽ എത്തിയതായാണ് സൂചന. ഗ്രീസ്മാനും അത്ലറ്റികോയിൽ തന്നെ തുടരാനാണ് ആഗ്രഹം. ബാഴ്‌സക്ക് ആവട്ടെ കുറഞ്ഞ തുകക്ക് ആണെങ്കിലും ഒഴിവാക്കാൻ ഉദ്ദേശിച്ച താരങ്ങളിൽ ഒരാളെ കൈമാറാൻ കഴിഞ്ഞ ആശ്വാസവും.

20221007 004547

നേരത്തെ ഗ്രീസ്മാന്റെ ലോൺ ഡീലുമായി ബന്ധപ്പെട്ട് ചില കടുത്ത നീക്കങ്ങൾക് അത്ലറ്റികോ തുനിഞ്ഞിരുന്നു. നിശ്‌ചിത മത്സരങ്ങൾ മുപ്പത് മിനിറ്റിൽ കൂടുതൽ കളത്തിൽ ഇറങ്ങിയാൽ നാല്പത് മില്യണോളം തുക ബാഴ്‍സക്ക് നൽകി താരത്തെ സ്വന്തമാക്കേണ്ടി വരുമായിരുന്നു സിമിയോണിയുടെ ടീമിന്. എന്നാൽ ഈ തുക മുടക്കാൻ താത്പര്യപ്പെടാതിരുന്ന അത്ലറ്റികോ കുറഞ്ഞ സമയം മാത്രമാണ് താരത്തിന് അവസരം കൊടുത്തു കൊണ്ടിരുന്നത്. ഇത് ടീമിന്റെ പ്രകടനത്തെയും പലപ്പോഴും ബാധിച്ചു. ഇതോടെയാണ് കാര്യം പെട്ടെന്ന് ചർച്ച ചെയ്ത് തീരുമാനത്തിൽ എത്തിക്കാൻ അത്ലറ്റികോ തുനിഞ്ഞത്. കുറഞ്ഞ തുക ആണെങ്കിലും ബാഴ്‌സ കൂടി അംഗീകരിച്ചതോടെ ലോൺ കാലാവധി തീരുന്നതിന് മുൻപ് തന്നെ കൈമാറ്റം സാധ്യമായേക്കും.