തിരിച്ച് വരവ് ഗംഭീരമാക്കി ബെയ്ൽ, ജയവുമായി റയൽ

- Advertisement -

പരിക്ക് കാരണം മൂന്ന് മാസം പുറത്തിരുന്നതൊന്നും ഗാരത് ബെയ്ലിനെ സംബന്ധിച്ച് വിഷയമായിരുന്നില്ല. പകരക്കാരനായിറങ്ങി മിനുറ്റുകൾക്കകം റയലിൻ്റെ ജയമുറപ്പിച്ചിട്ട് തിരിച്ച് കയറുകയായിരുന്നു ബെയിൽ. പൊരുതി കളിച്ച എസ്പന്യാളിനെ 2-0 ത്തിനാണ് റയൽ മാഡ്രിഡ് വീഴ്ത്തിയത്. 33 മത്തെ മിനിറ്റിൽ ഇസ്കോയുടെ ക്രോസ് ഗോൾ വലയിലെത്തിച്ച് ആൽവാര മൊറാറ്റയാണ് റയലിനെ മുന്നിലെത്തിച്ചത്. അതിന് ശേഷവും അവസരങ്ങൾ തുറന്നെങ്കിലും 83 മിനിറ്റിലാണ് ബെയിലിൻ്റെ രണ്ടാം ഗോൾ പിറന്നത്. 88 ദിവസത്തിനു ശേഷം കളത്തിലിറങ്ങിയ ബെയിൽ മിന്നും വേഗത്തിലുള്ളൊരു പ്രത്യാക്രമണത്തിലൂടെയാണ് എസ്പന്യാൾ വല കുലുക്കിയത്. ലാ ലീഗ കിരീടം ലക്ഷ്യമിടുന്ന റയലിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണീ ജയം. 21 കളികളിൽ 52 പോയിന്റുമായി റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണിപ്പോൾ.

ലാ ലീഗ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഹാട്രിക്ക് നേടിയ കെവിൻ ഗമേരിയയുടെ മികവിൽ വമ്പൻ ജയമാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌ നേടിയത്. സ്പോർട്ടിങ് ഗിയോണെതിരെ പകരക്കാരനായിറങ്ങിയ ഗമേരിയ 5 മിനിറ്റുകൾക്കുള്ളിലാണ് ഹാട്രിക്ക് നേടിയത്. ഗമേരിയയുടേതും, കരാസ്ക്കയുടേതും ഗോളുകളിൽ 4-1 നായിരുന്നു സിമിയോണിയുടെ ടീമിൻ്റെ ജയം. ജയത്തോടെ ലീഗിലെ നാലാം സ്ഥാനത്ത് തുടരുകയാണ് അത്ലെറ്റിക്കോ. വിറ്റോല, സരാബിയ എന്നിവരുടെ ഗോളിൽ എതിരില്ലാത്ത 2 ഗോളിനാണ് സെവിയ്യ ഐബറിനെ കീഴടിക്കിയത്. ഇതോടെ ലീഗിൽ ബാഴ്സയെ മറികടന്ന് രണ്ടാം സ്ഥാനതെത്താനും അവർക്കായി.

ലീഗിലെ മറ്റ് മത്സരങ്ങളിൽ ഗ്രനാഡ റയൽ ബെറ്റിസിനേയും ആൽവസ് ഡെപ്പാർട്ടീവോയേയും മറികടന്നു. ലീഗിൽ ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ കരുത്തരായ വിയ്യ റയൽ, റയൽ സോസിദാഡ് ടീമുകൾ മുഖാമുഖം വരും. വൈകിട്ട് 4.30 തിനാണ് ഈ മത്സരം. തിങ്കളാഴ്ച്ച പുലർച്ചെ 1.15 നു നടക്കുന്ന മത്സരത്തിൽ ദുർബലരായ ലെഗാനെസാണ് ബാഴ്സലോണയുടെ എതിരാളികൾ. പി.എസ്.ജിയോട് ചാമ്പ്യൻസ് ലീഗിൽ വഴങ്ങിയ വമ്പൻ തോൽവിയിൽ നിന്ന് കരകയറാനാവും സമ്മർദ്ദത്തിലായ ലൂയിസ് എൻറിക്വയും സംഘത്തിൻ്റേയും ശ്രമം.

Advertisement