
മാഡ്രിഡ് നഗരത്തിലെ ഫുട്ബോൾ ശക്തികൾ സീസണിൽ ഇന്ന് ആദ്യമായി ഏറ്റുമുട്ടും. ല ലീഗെയിലെ 12 ആം റൌണ്ട് മത്സരത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടുമ്പോൾ അത് പതിവിനെക്കാൾ ആവേഷകരമാവും എന്ന് ഉറപ്പാണ്. ഇരു ടീമുകളും 23 പോയിന്റ് നേടി ഒപ്പം നിൽകുന്ന സ്ഥിതിക്ക് ജയിക്കുന്ന ടീമിന് അത് മുന്നേറാനുള്ള അവസരമാണ്. നിലവിൽ ഗോൾ വിത്യാസത്തിന്റെ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡ് മൂന്നാമതും അത്ലറ്റികോ നാലാം സ്ഥാനത്തുമാണ്. അത്ലറ്റിക്കോയുടെ പുതിയ മൈതാനമായ വാൻഡ മെട്രോപോലീറ്റാനോയിലെ ആദ്യ മാഡ്രിഡ് ഡെർബി എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. പോയിന്റ് ടേബിളിൽ മുന്നിലുള്ള ബാഴ്സയെക്കാൾ 8 പോയിന്റ് പിറകിലുള്ള ഇരു ടീമുകൾക്കും ഇന്നത്തെ മത്സര ഫലം നിര്ണായകമാണ്.
ഗോൾ അടിക്കാൻ മറക്കുന്ന മുൻ നിരയാണ് അത്ലറ്റികോ നേരിടുന്ന പ്രധാന പ്രശ്നം. ലീഗിൽ ഇതുവരെ 16 ഗോളുകൾ മാത്രം നേടിയ അവർ 6 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. മികച്ച പ്രധിരോധം ഉണ്ടായിട്ടും പല മത്സരങ്ങളും പോയിന്റ് നേടാൻ ആവാതെ പോയ സിമിയോണിയുടെ ടീം അതുകൊണ്ട് തന്നെ ആക്രമണത്തിൽ മുന്നേറാതെ ഇന്ന് രക്ഷപെടാൻ സാധ്യതയില്ല. മുൻ നിര താരങ്ങളുടെ പരിക്കാണ് റയൽ നേരിടുന്ന പ്രധാന പ്രശ്നം. ഗരേത് ബെയ്ലിന് പുറമെ ഗോളി നവാസും, കോവാസിസും പരിക്കേറ്റ് പുറത്താണ്. പക്ഷെ റൈറ്റ് ബാക്ക് ഡാനി കാർവഹാൽ അസുഖം മാറി വന്നത് സിദാന് ആശ്വാസമാവും. അത്ലറ്റികോക്ക് കാര്യമായ പരിക്ക് ഭീഷണി ഇല്ലെങ്കിലും സ്റ്റാർ സ്ട്രൈക്കർ ഗ്രീസ്മാന്റെ ഫോം ഇല്ലായ്മ സിമിയോണിയെ അലട്ടുന്ന പ്രധാന പ്രശ്നമാണ്.
സമീപ കാലത്തെ പ്രകടനങ്ങളിൽ അത്ലറ്റികോ ആണ് സാധ്യത കൂടുതൽ. ലീഗിൽ ഇരു ടീമുകളും മുഖാമുഖം വന്ന അവസാന 8 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് അത്ലറ്റികോ തോൽവി അറിഞ്ഞത്. ഇതിൽ നാലു തവണ അവർ ജയിച്ചപ്പോൾ മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. അത്ലറ്റിക്കൊക്കെതിരായ അവസാന നാല് മത്സരങ്ങളിൽ 6 ഗോളുകൾ നേടിയ റൊണാൾഡോയുടെ പ്രകടനവും ഇന്ന് നിർണായകമാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial