20230924 000218

തുടരുന്ന “ജാവോ” എഫക്റ്റ്, ഇരട്ട ഗോളുമായി ലെവെന്റോവ്സ്കി; ഗംഭീര തിരിച്ചു വരവിൽ മൂന്ന് പോയിന്റ് പോക്കറ്റിലാക്കി ബാഴ്‌സലോണ

തോൽവി കണ്മുൻപിൽ കണ്ട നിമിഷങ്ങളിൽ നിന്നും വിരോചിതമായ തിരിച്ചു വരവുമായി ബാഴ്‌സലോണ. ഇന്ന് സ്വന്തം തട്ടകത്തിൽ സെൽറ്റ വീഗോയെ നേരിട്ട സാവിയും സംഘവും രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയം കാണുകയായിരുന്നു. രണ്ടു ഗോളുകൾ വഴങ്ങി പിറകിൽ പോയ ശേഷം അവസാന പത്ത് മിനിറ്റിൽ ആയിരുന്നു ലീഗ് ചാംപ്യന്മാരുടെ തിരിച്ചു വരവ്. ലെവെന്റോവ്സ്കി ഇരട്ട ഗോളുകൾ കണ്ടെത്തിയപ്പോൾ ജാവോ കാൻസലോ വിജയ ഗോൾ നേടി. അസിസ്റ്റുമായി ഫെലിക്‌സും തിളങ്ങിയപ്പോൾ പോർച്ചുഗീസ് താരങ്ങളുടെ പ്രകടനം ബാഴ്‌സയിൽ ഒരിക്കൽ കൂടി നിർണായകമായി.

അഞ്ച് പ്രതിരോധ താരങ്ങളുമായി കൃത്യമായ പദ്ധതിയോടെയാണ് റാഫേൽ ബെനിറ്റ്സ് ടീമിനെ അണിനിരത്തിയത്. അവസരങ്ങൾ ഒരുക്കി എടുക്കാൻ ബാഴ്‌സ നന്നേ പാടുപെട്ടപ്പോൾ കൗണ്ടറിലൂടെ എതിർ ഗോൾ മുഖത്ത് തുടർച്ചയായ അപകടം സൃഷ്ടിക്കാൻ സെൽറ്റക്കായി. ബാഴ്‌സ തന്നെ പന്ത് കൈവശം വെച്ച തുടക്കത്തിലെ മിനിട്ടുകൾക്ക് ശേഷം പക്ഷെ ലക്ഷ്യത്തിന് നേരെ ആദ്യ ഷോട്ട് വന്നത് ഇയാഗോ ആസ്പാസിലൂടെ ആയിരുന്നു. താരത്തിന്റെ ഷോട്ട് റ്റെർ സ്റ്റഗൻ തട്ടിയകറ്റി. പിറകെ വന്ന കോർണർ ക്ലിയർ ചെയ്യാൻ സാധിച്ചെങ്കിലും ഗോൾ തടുക്കാൻ ബാഴ്‌സക്കായില്ല. തികച്ചും മാർക്ക് ചെയ്യപ്പെടാതെ ഇരുന്ന ലാർസൻ ബോസ്‌കിന്റെ ഇടത് ഭാഗത്ത് നിന്നും തൊടുത്ത ഷോട്ട് വലയിൽ പതിച്ചു.19ആം മിനിറ്റിലാണ് ഗോൾ പിറന്നത്. ഇതോടെ സെൽറ്റയുടെ കൗണ്ടർ നീക്കങ്ങൾ ശക്തിയാർജിച്ചു. ഇത്തരമൊരു നീക്കത്തിൽ സെൽറ്റ ഗോളിന് അടുത്തെത്തിയെങ്കിലും ബോക്സിനുള്ളിൽ ബംമ്പയുടെ പാസ് അലോൻസോ ക്ലിയർ ചെയ്തു. ഗുണ്ടോഗന്റെ നൽകിയ അവസരത്തിൽ ഫെലിക്സിന് ലക്ഷ്യം കാണാൻ ആയില്ല. ലാർസന്റെ ഹെഡർ ശ്രമം റ്റെർ സ്റ്റഗൻ തടഞ്ഞു. പിറകെ ബംമ്പയുടെ ഷോട്ട് തടുത്ത് റോമേയു കൂടുതൽ ലീഡ് വഴങ്ങാതെ ബാഴ്‌സയെ കാത്തു.

രണ്ടാം പകുതിയിൽ ബാഴ്‌സ മാറ്റങ്ങളുമായി കളത്തിൽ എത്തിയെങ്കിലും ഗോൾ കണ്ടെത്താൻ വിഷമിച്ചു. അതേ സമയം സെൽറ്റക്ക് താളം നിലനിർത്താൻ ആയി. പലപ്പോഴും മൈതാന മധ്യത്തിൽ ബാഴ്‌സ പൊസെഷൻ കളയുക കൂടി ചെയ്തതോടെ സെൽറ്റ കൂടുതൽ അപകടകാരികൾ ആയി. 63ആം മിനിറ്റിൽ ഫെറാൻ ടോറസിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും ഇഞ്ചുകൾ മാത്രം അകന്ന് പോയി. റ്റെർ സ്റ്റഗനും അരഹുവോയും നടത്തിയ ഇടപെടലുകൾ കൂടുതൽ ഗോൾ വഴങ്ങാതെ ബാഴ്‌സയെ കാത്തു. പക്ഷെ 76 ആം മിനിറ്റിൽ ആസ്പസിന്റെ തകർപ്പൻ പാസിൽ നിന്നും ഡോവികസ് ഗോൾ നേടിയതോടെ സെൽറ്റ ജത്തിലേക്ക് നീങ്ങുകയാണെന്ന തോന്നൽ ഉയർത്തി. എന്നാൽ അവസാന പത്ത് മിനിറ്റിൽ മത്സരം മാറി മറിഞ്ഞു. 80 ആം മിനിറ്റിൽ ഫെലിക്‌സ് ഉയർത്തി നൽകിയ ബോളിൽ ലെവെന്റോവ്സ്കി ഗോൾ വല കുലുക്കി. ഇതോടെ ബാഴ്‌സ കൂടുതൽ ശക്തമായി സമനില ഗോളിന് വേണ്ടി നീക്കം തുടങ്ങി. 85ആം മിനിറ്റിൽ ജാവോ കാൻസലോ ബോക്സിനുള്ളിൽ നിന്നും നൽകിയ അവസരത്തിൽ ലെവെന്റോവ്സ്കി മനോഹരമായ ഫിനിഷിങിലൂടെ ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിന് ശേഷം ഗവി നൽകിയ എണ്ണം പറഞ്ഞ ക്രോസിലേക്ക് കുതിച്ചെത്തി കാൻസലോ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചു വല കുലുക്കുക കൂടി ചെയ്തതോടെ ബാഴ്‌സ കൈവിട്ടെന്ന് തോന്നിച്ച മത്സരം തിരിച്ചു പിടിച്ചു. പിന്നീട് മിൻഹ്വെസക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. ഇതോടെ നിർണായകമായ മൂന്ന് പോയിൻറ് കരസ്ഥമാക്കാൻ ബാഴ്‌സക്കായി.

Exit mobile version