ഏഷ്യൻ ആരാധകർക്കായി എൽ ക്ലാസികോ  സമയം ക്രമീകരിച്ച് ല ലിഗ അധികൃതർ

- Advertisement -

ഏഷ്യയിലെ ടെലിവിഷൻ വ്യൂ റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങി ല ലിഗ അധികൃതർ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എൽ ക്ലാസികോ കിക്കോഫ് സമയം ഏഷ്യൻ ആരാധകരെ കൂടെ മുന്നിൽ കണ്ട് പുനർ ക്രമീകരിച്ചാണ് ല ലിഗ അധികൃതർ റെക്കോർഡ് വ്യൂവർഷിപ്പ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ചയാണ് സീസണിലെ ആദ്യ എൽ ക്ലാസികോ അരങ്ങേറുക.

ബാഴ്സലോണ, റയൽ മാഡ്രിഡ് ക്ലബ്ബ്ൾക്ക് ഏറെ ആരാധകരുള്ള ഏഷ്യൻ രാജ്യങ്ങളിൽ ആരാധകർക്ക് കൂടുതൽ സൗകര്യത്തോടെ കാണാവുന്ന തരത്തിലാണ് ല ലിഗ എൽ ക്ലാസികോ  സമയം നിർണയിച്ചിരിക്കുന്നത്. നിലവിലെ ക്രമീകരണം പ്രകാരം സ്‌പെയിൻ സമയം 1 PM നാണ് കിക്കോഫ്. ഇത് ഏഷ്യയിലെ പ്രധാന റയൽ, ബാഴ്സ ആരാധകർ ഉള്ള ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ 7 PM ആവും.  അവസാനം നടന്ന എൽ ക്ലാസിക്കോ ഈ രാജ്യങ്ങളിൽ പുലർച്ചെ 2.45 ന് ആയിരുന്നു കിക്കോഫ്. ഈ അസൗകര്യം മറികടക്കാനാണ് ല ലിഗ സമയം പുനർ ക്രമീകരിച്ചത്‌.

ആഗോള ടെലിവിഷൻ വ്യൂവർഷിപ്പിൽ ഏറെ മുന്നിലുള്ള പ്രീമിയർ ലീഗിനെ മറികടന്ന് കൂടുതൽ ആഗോള മാർകറ്റുള്ള ലീഗായി ല ലിഗയെ മാറ്റുന്നതിന്റെ ആദ്യ ചുവടുവെപ്പായി ആണ് ല ലിഗ അധികൃതർ പുതിയ സമയ ക്രമീകരണത്തെ കാണുന്നത്.  രാത്രി ഏറെ വൈകി ല ലിഗ തുടങ്ങുന്നത് കാരണം ഏഷ്യൻ ആരാധകർക്ക് ഉണ്ടാവുന്ന പ്രയാസം മറികടക്കാനാണ് പുതിയ സൗകര്യം എന്ന ല ലിഗ അധികൃതർ പറയുമ്പോഴും ബാഴ്സലോണ ആരാധകർ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സ്‌പെയിനിൽ മത്സരം സ്റ്റേഡിയത്തിൽ പോയി നേരിട്ടു കാണുന്ന ആരാധകരുടെ സൗകര്യം പരിഗണിക്കാത്ത നടപടിയാണ് ഇതെന്നാണ് അവരുടെ പക്ഷം. ഏതാണ്ട് 180 രാജ്യങ്ങളിലായി 650 മില്യൺ ആളുകളാണ് ഏപ്രിലിൽ നടന്ന അവസാന എൽ ക്ലാസിക്കോ മത്സരം ടെലിവിഷനിലൂടെ കണ്ടത്.  ഇന്ത്യൻ സമയം വൈകിട്ട് 5.30 നാവും ഇത്തവണ എൽ ക്ലാസിക്കോ കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement