ഇന്ന് എൽ ക്ലാസിക്കോ, റയലിന്റെ മൈതാനത്ത് ജയം നേടാൻ മെസ്സിയും സംഘവും

- Advertisement -

സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലും ബാഴ്സയും ഇന്നിറങ്ങും. റയലിന്റെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണാബുവിൽ ബാഴ്സ ഇറങ്ങുമ്പോൾ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾക്ക് അതൊരു ആവേശ കാഴ്ചയാവും. സീസണിലെ തുടക്കത്തിലേറ്റ തിരിച്ചടികൾക്ക് ശേഷം ഫോം വീണ്ടെടുത്ത സിദാന്റെ സംഘം ഇതുവരെ തോൽവി അറിയാത്ത ബാഴ്സയെയാണ്‌ നേരിടാനിറങ്ങുന്നത്. ഇന്ന് തോൽവി വഴങ്ങിയാൽ കിരീട പോരാട്ടത്തിൽ സാധ്യതകൾ തീർത്തും മങ്ങുമെന്ന് ഉറപ്പുള്ള മാഡ്രിഡ് അതുകൊണ്ടു തന്നെ എന്ത് വില കൊടുത്തും ജയിക്കാൻ തീരുമാനിച്ചു തന്നെയാവും ഇറങ്ങുക. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.30 നാണ് മത്സരം കിക്കോഫ്.

പോയിന്റ് ടേബിളിൽ ബാഴ്സക്ക് 11 പോയിന്റ് പിറകിലാണ് റയലിന്റെ സ്ഥാനം. ഒരു മത്സരം റയൽ കുറച്ചാണ് കളിച്ചതെങ്കിലും ഇന്ന് തോറ്റാൽ അത് 14 പോയിന്റായി വർധിക്കും. അതിൽ നിന്ന് തിരിച്ചു വന്ന് ല ലിഗ നേടുക എന്നത് തീർത്തും പ്രയാസകരമാവുമെന്ന് റയലിന് ഉറപ്പാണ്. അവസാനം ഇരു ടീമുകളും ഏറ്റു മുട്ടിയ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ ഇരു പാദങ്ങളിലുമായി റയൽ ജയിച്ചിട്ടുണ്ടെങ്കിലും അതിന് ശേഷം ഫോം വീണ്ടെടുത്ത ബാഴ്സ ഫോമിൽ ഏറെ മുന്നിലാണ്. ലോക ഫുട്‌ബോളിലെ വമ്പന്മാരായ മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുമ്പോൾ ഇരു ടീമുകളുടെയും പ്രതീക്ഷയും ഇരുവരിലുമാണ്. ഏതു മത്സരങ്ങളും സ്വന്തം കഴിവിൽ മാറ്റി മറിക്കാൻ കഴിവുള്ള ഇരുവരും ഫോമിലേക്കുയർന്നാൽ അത് ഫുട്‌ബോൾ പ്രേമികൾക്ക് ഓർത്തുവെക്കാൻ ഉള്ള മറ്റൊരു ക്ലാസ്സികാവും സമ്മാനിക്കുക. കഴിഞ്ഞ സീസണിൽ ബെർണാബുവിൽ 2-3 ന് ബാഴ്സകായിരുന്നു ജയം. അന്നും വിജയ ഗോൾ നേടിയത് മെസ്സി.

ബാഴ്സ നിരയിൽ ഇന്ന് ജോർഡി ആൽബയും സാമുവൽ ഉംറ്റിറ്റിയും ഉണ്ടാവില്ല. അൽകാസറും ഡിലോഫോയും പരിക്ക് കാരണം കളിക്കില്ല. റയൽ നിരയിൽ ഗരേത് ബെയ്‌ൽ പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാനുള്ള സാധ്യത കുറവാണ്. പകരക്കാരുടെ ബെഞ്ചിൽ സിദാന്റെ തുറുപ്പു ചീട്ടായി ബെയ്‌ൽ ഉണ്ടാവും എന്നുറപ്പാണ്. എന്നും ത്രസിപ്പിക്കുന്ന ഫുട്‌ബോൾ നിമിഷങ്ങൾ സമ്മാനിച്ചിട്ടുള്ള ക്ലാസിക്കോയിൽ ഇത്തവണയും അത്തരം നിമിഷങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണ്. റയലിന് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. ബാഴ്സക്ക് തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുള്ള കടുത്ത പരീക്ഷണവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement