എൽ ക്ലാസിക്കോയും റാമോസും പിന്നെ റെഡ് കാർഡും

- Advertisement -

റയൽ മാഡ്രിഡ് ക്യാപ്റ്റനായ സെർജിയോ റാമോസും ചുവപ്പ് കാർഡും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. തന്റെ കരിയറിൽ ഉടനീളം ചുവപ്പു കാർഡുമായുള്ള ബന്ധം പലതവണ പുതുക്കിയിട്ടുണ്ട് റാമോസ്. 19 ചുവപ്പ് കാർഡുകളുമായി ലാ ലീഗയിൽ ഏറ്റവും അധികം തവണ പുറത്താക്കപ്പെട്ട താരമെന്ന റെക്കോർഡും റാമോസിന്റെ പേരിലാണ്. സെർജിയോ റാമോസിന്റെ ആകെ കരിയറിൽ 24 തവണയാണ് ചുവപ്പ് കണ്ടിട്ടുള്ളത്. വിക്രമാദിത്യന് വേതാളമെന്ന പോലെ ചുവപ്പ് കാർഡും റാമോസിന്റെ പിന്നാലെയുണ്ട്.

ഫുട്ബോൾ ലോകത്തെ മാമാങ്കമായ എൽ ക്ലാസിക്കോയിൽ 5 തവണയാണ് ചുവപ്പ് കണ്ട് പുറത്ത് പോയിട്ടുള്ളത്. അവസാന ഒൻപത് മത്സരങ്ങളിൽ മൂന്നു തവണ റാമോസ് ചുവപ്പ് വാങ്ങി. കഴിഞ്ഞ സീസണിൽ കളിയവസാനിക്കാനിരിക്കെ ലയണൽ മെസിയെ ഫൗൾ ചെയ്താണ് സ്ട്രൈറ്റ് റെഡിൽ റാമോസ് കാലം വിടുന്നത്. ഒരു വർഷത്തോളം ചുവപ്പ് കാർഡിനെ അകറ്റി നിർത്തിയിരുന്ന റാമോസ് ക്ലാസിക്കോയിൽ തന്നെ ചുവപ്പ് വാങ്ങിയത് റയൽ ആരാധകർ മറക്കാനിടയില്ല. പത്തുപേരുമായി പൊരുതിയെങ്കിലും ഇഞ്ചുറി ടൈമിലെ മെസിയുടെ ഗോളിൽ ബാഴ്‌സക്കായിരുന്നു ജയം.

2015/2016 സീസണിൽ കളിയുടെ തുടക്കത്തിൽ തന്നെ കാർഡ് വാങ്ങിയ റാമോസ് സുവാരസിനെ വീഴ്ത്തിയതിന് രണ്ടാം മഞ്ഞക്കാർഡും വാങ്ങിയാണ് കാലം വിട്ടത്. ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിൽ റയൽ വിജയം നേടിയപ്പോൾ തകർന്നത് തോൽവിയറിയാത്ത 39 മത്സരങ്ങൾ എന്ന ബാഴ്‌സയുടെ റെക്കോർഡ് കൂടിയായിരുന്നു. 2013/2014 സീസണിൽ മെസി മാജിക്ക് കണ്ട മത്സരത്തിൽ നെയ്മറിനെ ബോക്സിൽ വീഴ്ത്തിയതിനാണ് സെർജിയോ റാമോസ് ചുവപ്പ് വാങ്ങിയത്. 2017 നു തിരശീലവീഴുമ്പോൾ നടക്കുന്ന സ്പാനിഷ് ഫുട്ബോൾ മാമാങ്കത്തിൽ ചുവപ്പ് കാർഡ് ലോസ് ബ്ലാങ്കോസിന്റെ ക്യാപ്റ്റനെ പിന്തുടരുമോ എന്ന കാര്യം കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement