കാറ്റലോണിയയിൽ ബാഴ്സലോണക്ക് നാണക്കേട്, എൽ ക്ലാസികോ റയൽ മാഡ്രിഡിന് സ്വന്തം

20201024 212644

റൊണാൾഡ് കോമാൻ പരിശീലകനായി എത്തിയിട്ടും കാര്യമില്ല. ബാഴ്സലോണയുടെ മോശം കാലം തുടരുകയാണ്. ഒരിക്കൽ കൂടെ ബാഴ്സലോണ എൽ ക്ലാസികോയിൽ പരാജയപ്പെട്ടിരിക്കുകയാണ് . ലയണൽ മെസ്സിയും സംഘവും സ്വന്തം നാട്ടിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ് നേരിട്ടത്. ഈ പരാജയത്തോടെ തുടർച്ചയായ മൂന്ന് ലീഗ് മത്സരങ്ങളാണ് ബാഴ്സലോണ വിജയമറിയാതെ നിൽക്കുന്നത്.

ഇന്ന് വളരെ മികച്ച തുടക്കമായിരുന്ന എൽ ക്ലാസികോയ്ക്ക് ലഭിച്ചത്. മത്സരം തുടങ്ങി മിനുട്ടുകൾക്കകം ബാഴ്സലോണ ഡിഫൻസിനെ ഞെട്ടിച്ച് റയൽ മാഡ്രിഡ് ലീഡ് എടുത്തു. അഞ്ചാം മിനുട്ടിൽ ബെൻസീമയുടെ പാസ് സ്വീകരിച്ച് യുവ മിഡ്കീൽഡർ വാല്വെർദെ ബാഴ്സലോണ വലയിൽ പന്ത് എത്തിച്ചു. എന്നാൽ ഈ ലീഡിന്റെ സന്തോഷം അധിക നേരം നിലനിന്നില്ല. എട്ടാം മിനുട്ടിൽ തന്നെ ബാഴ്സലോണയുടെ മറുപടി വന്നു.

17കാരൻ അൻസു ഫതിയുടെ വകയായിരുന്നു ബാഴ്സലോണയുടെ സമനില ഗോൾ. ജോർദി ആൽബയുടെ ക്രോസിൽ നിന്നാണ് ഫതി ഗോൾ നേടിയത്. ഫതി ഈ ഗോളോടെ എൽ ക്ലാസികോയിൽ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരമായി മാറി. ഈ ഗോളിന് ശേഷം മത്സരത്തിന്റെ വേഗത കുറഞ്ഞു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് റയലിന്റെ രണ്ടാം ഗോൾ വന്നത്.

റാമോസിനെ വീഴ്ത്തിയതിന് വാർ പെനാൾട്ടി വിധിക്കുക ആയിരുന്നു. പെനാൾട്ടി എടുത്ത റാമോസ് നെറ്റോയെ കീഴ്പ്പെടുത്തി വലയിൽ എത്തിച്ചു. ഈ ഗോളിന് ശേഷം നിരവധി അവസരങ്ങൾ ലീഡ് ഉയർത്താൻ റയൽ മാഡ്രിഡിന് ലഭിച്ചു എങ്കിലും എല്ലാത്തിനും തടസ്സമായി നെറ്റോ ബാഴ്സ വലക്ക് മുന്നിൽ മികച്ചു നിന്നു. പക്ഷെ അധികം നേരം നെറ്റോയ്ക്ക് പിടിച്ചു നിക്കാൻ ആയില്ല.

90ആം മിനുട്ടിൽ മോഡ്രിചിലൂടെ റയൽ മൂന്നാം ഗോൾ വന്നു. ബോക്സിൽ നിന്ന് പന്ത് ലഭിച്ച മോഡ്രിച് ബോക്സിൽ നൃത്തം വെച്ചാണ് ഗോൾ നേടിയത്. ഈ വിജയത്തോടെ ഒന്നാമതുള്ള റയൽ മാഡ്രിഡ് 13 പോയിന്റിൽ എത്തി. ഏഴു പോയിന്റ് മാത്രമുള്ള ബാഴ്സലോണ ലീഗിൽ പത്താം സ്ഥാനത്താണ് ഉള്ളത്.

Previous articleകിങ്‌സ് ഇലവൻ പഞ്ചാബിനെ കുറഞ്ഞ സ്‌കോറിൽ പിടിച്ചുകെട്ടി സൺറൈസേഴ്‌സ്
Next articleസാഹയുടെ മികവിൽ ക്രിസ്റ്റൽ പാലസ് വിജയം!!