എൽ ക്ലാസികോയിലും അപരാജിത റെക്കോർഡ് നിലനിർത്തി ബാഴ്സലോണ

- Advertisement -

പത്തു പേരുമായി കളിച്ചിട്ടും, അപരാജിത കുതിപ്പ് തുടർന്ന് ബാഴ്സലോണ. ഇന്ന് ബാഴ്സലോണയുടെ ലാലിഗയിലെ അപരാജിത കുതിപ്പിന് ഏറ്റവും വെല്ലുവിളിയായ എൽക്ലാസിക്കോയിൽ റയലിനെ നേരിട്ട ബാഴ്സ മത്സരം സമനിലയിൽ പിടിക്കുകയായിരുന്നു. 45 മിനുട്ടുകളോളം 10 പേരുമായി കളിച്ചിട്ടാണ് ബാഴ്സലോണ കളി 2-2 സമനിലയിൽ അവസാനിപ്പിച്ചത്.

എൽ ക്ലാസികോയുടെ എല്ലാ ആവേശവും കണ്ട മത്സരത്തിൽ 9ആം മിനുട്ടിൽ തന്നെ ആദ്യ ഗോൾ പിറന്നു. വലതു വിങ്ങിൽ നിന്ന് സെർജി റൊബേർട്ടോ കൊടുത്ത ക്രോസ് വലയിൽ എത്തിച്ച് സുവാരസിലൂടെ ബാഴ്സലോണ ആയിരുന്നു കളിയിലെ ആദ്യ ഗോൾ നേടിയത്. പക്ഷെ ആ‌ ലീഡ് 4 മിനുട്ടുകൾക്കകം റൊണാൾഡോ ഇല്ലാതെയാക്കി. ക്രൂസും റൊണാൾഡോയും ബെൻസീമയും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ഒരു ക്ലോസ് ഫിനിഷിലൂടെ റൊണാൾഡോ റയലിനെ ഒപ്പം എത്തിച്ചു.

45ആം മിനുട്ടിലായിരുന്നു നിർണായകമായ ചുവപ്പ് കാർഡ് കണ്ടത്. മാർസെലോയുടെ മുഖത്ത് ഇടിച്ചതിന് ബാഴ്സയുടെ സെർജി റൊബേർട്ടോയ്ക്കാണ് ചുവപ്പ് കിട്ടിയത്. രണ്ടാം പകുതിയിൽ പത്തുപേരുമായി കളിച്ച ബാഴ്‌സലോണ വീണ്ടും റയലിനെ ഞെട്ടിച്ചു. മെസ്സിയുടെ മികവിലൂടെ 52ആം മിനുട്ടിൽ വീണ്ടും ബാഴ്സ മുന്നിൽ. ഇത്തവണയും ലീഡ് നീണ്ടുനിന്നില്ല. 72ആം മിനുട്ടിൽ അസൻസിയോയുടെ പാസിൽ നിന്ന് ഗംഭീര ഫിനിഷോടെ ബെയിൽ റയലിനെ ഒരിക്കൽ കൂടെ ഒപ്പമെത്തിച്ചു.

പിന്നീട് ഒരു പെനാൾട്ടി അപ്പീൽ റയൽ നടത്തിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ടിവി റീപ്ലേകളിൽ മാർസെലോയെ ഫൗൾ ചെയ്തത് പെനാൾട്ടിയാണെന്ന് വ്യക്തമായിരുന്നു. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ കൂടെ തോൽവി അറിയാതെ ഇരുന്നാൽ ബാഴ്സയ്ക്ക് അത് ചരിത്ര നേട്ടവുമാകും. ഇന്നത്തെ മത്സരത്തിൽ പരിക്കേറ്റ റൊണാൾഡോ രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയിരിന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement