റയൽ മാഡ്രിഡിൽ ഹസാർഡിന്റെ കഷ്ടകാലം തുടരുന്നു, വീണ്ടും പരിക്ക്

ചെൽസി വിട്ട് റയൽ മാഡ്രിഡിൽ എത്തിയതിന് ശേഷം സൂപ്പർ താരം ഏദൻ ഹസാർഡിന്റെ കഷ്ടകാലം തുടരുന്നു. ഇന്നലെ ആൽവേസിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ താരം മത്സരത്തിന്റെ 28ആം മിനുട്ടിൽ കളം വിടേണ്ടി വന്നു. മത്സരത്തിൽ റയൽ മാഡ്രിഡ് ഒരു ഗോളിന് പിന്നിൽ നിൽക്കെയാണ് ഹസാർഡ് പരിക്കേറ്റ് പുറത്തു പോയത്. മത്സരം ശേഷം നൽകിയ അഭിമുഖത്തിൽ ഹസാർഡിന്റെ പരിക്ക് വലുതല്ലെന്ന് പരിശീലകൻ സിദാൻ വ്യക്തമാക്കിയിട്ടുണ്ട്.

മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ റയൽ മാഡ്രിഡ് 2-1ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ തന്റെ കാലിനേറ്റ പരിക്ക് കൊണ്ട് വലഞ്ഞ ഹസാർഡിന് ഈ സീസണിൽ ഇത് നാലാം തവണയാണ് പരിക്കേൽക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരം ഉണ്ടാവുമോ എന്നത് കാത്തിരുന്ന് കാണാം.

Exit mobile version