ഗോൾ നിഷേധിക്കപ്പെട്ടു, ബാഴ്സക്ക് സമനില

- Advertisement -

ല ലീഗെയിലെ ആദ്യ രണ്ടു സ്ഥാനക്കാർ ഏറ്റു മുട്ടിയപ്പോൾ സമനില കുരുക്ക്. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ ബാഴ്സലോണക്ക് അർഹിച്ച ഗോൾ നിഷേധിക്കപ്പെട്ടത് വിവാദമായി. മെസ്സിയുടെ ഷോട്ട് വലൻസിയ ഗോളിയുടെ കയ്യിൽ തട്ടി ഗോൾ വര കടന്നത് റഫറി ഗോൾ അനുവദിക്കാതിരുന്നത് മത്സരത്തിൽ നിർണായകമായി. വലൻസിയയുടെ മൈതാനത്തു കിരീട പോരാട്ടത്തിൽ നിർണായകമായ ജയം നേടാനുള്ള അവസരമാണ് ഇതോടെ ബാഴ്സക്ക് നിഷേധികപ്പെട്ടത്. ബാഴ്സയുടെ ഗോൾ മുഖത്ത് മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ച വലൻസിയയും മികച്ച പ്രകടനമാണ് നടത്തിയത്.

ബാഴ്സ നിരയിലേക്ക് ഡിഫെണ്ടർ തോമസ് വർമാലൻ തിരിച്ചെത്തി. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് വർമാലൻ ബാഴ്സക്കായി ഒരു മത്സരം കളിക്കാൻ ഇറങ്ങുന്നത്. മധ്യനിരയിൽ  ബുസ്കെയ്റ്റ്സിനൊപ്പം പൗളീഞ്ഞോയും ആദ്യ ഇലവനിൽ ഇടം നേടി. വലൻസിയ നിരയിൽ പതിവ് പോലെ സാസയും റോഡ്രിഗോയും തന്നെയായിരുന്നു ആക്രമണ നിരയിൽ. ആദ്യ പകുതിയിൽ 77 ശതമാനം സമയവും പന്ത് ബാഴ്സയാണ് കൈവശം വച്ചത്. മികച്ച ഏതാനും അവസരങ്ങളും സൃഷ്ടിക്കാൻ ബാഴ്സക്കായി. അത്തരമൊരു നീക്കത്തിനൊടുവിൽ മെസ്സി പന്ത് വലൻസിയ ഗോൾ വര കടത്തിയെങ്കിലും റഫറി ഗോൾ വിളിച്ചില്ല. ബാഴ്സ താരങ്ങൾ അപ്പീൽ ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. ടെലിവിഷൻ റിപ്ലെകളിൽ പന്ത് ഗോൾ വര കടന്നതായി കാണിച്ചത് ല ലീഗെയിൽ ഗോൾ ലൈൻ ടെക്നോളജിയുടെ ആവശ്യകത വീണ്ടും ചർച്ചയിൽ കൊണ്ടുവരും എന്നുറപ്പാണ്.

രണ്ടാം പകുതിയിൽ പതിവ് പോലെ ബാഴ്സ കൂടുതൽ അവസരങ്ങൾ സൃഷ്‌ടയിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്തിയത് വലൻസിയയായിരുന്നു. 60 ആം മിനുട്ടിൽ ലൂയിസ് ഗായ നൽകിയ പാസ്സ് നിയർ പോസ്റ്റിൽ റോഡ്രിഗോ ബാഴ്സ വലയിലേക്ക് തിരിച്ചു വിട്ടു. ഗോൾ വഴങ്ങി മിനുട്ടുകൾക്ക് ശേഷം ബാഴ്സ പരിശീലകൻ വാൽവർടെ റാകിറ്റിച്, ഇനിയെസ്റ്റ എന്നിവരെ പിൻവലിച് ഡലെഫോയു, ഡെനിസ് സുവാരസ് എന്നിവരെ കളത്തിൽ ഇറക്കി. 82 ആം മിനുട്ടിൽ മെസ്സിയുടെ മനോഹരമായ പാസ്സ് ബാഴ്സ ഫുൾ ബാക്ക് ജോർഡി ആൽബ വലൻസിയയുടെ വലയിലാക്കി അർഹിച്ച സമനില ഗോൾ കണ്ടെത്തി. പിന്നീടുള്ള സമയവും ഇരു ടീമുകൾക്കും ഏതാനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഇരു ടീമുകൾക്കും ഫിനിഷ് ചെയാനായില്ല.

13 മത്സരങ്ങൾ പിന്നിട്ടപ്പോൾ 35 പോയിന്റുമായി ബാഴ്സ ഒന്നാമത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള വലൻസിയക്ക്  31 പോയിന്റുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement