20230514 101749

അലെമാനിക്ക് പകരക്കാരൻ; ഡെക്കോ ബാഴ്‌സലോണയിലേക്ക് അടുക്കുന്നു

മാത്യു അലമാനി ഒഴിച്ചിട്ടു പോകുന്ന സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് തങ്ങളുടെ മുൻ താരം കൂടിയായ ഡെക്കോയെ എത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കങ്ങൾ മുന്നോട്ട്. ഇരു കൂട്ടരും തമ്മിലുള്ള ചർച്ചകൾ ഫലപ്രദമായി തന്നെ മുന്നോട്ടു പോകുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ ചർച്ച തുടരും. മുൻ പോർച്ചുഗീസ് താരം തന്നെ ബാഴ്‌സയിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ എത്തും എന്ന് തന്നെയാണ് ഇപ്പോഴുള്ള സൂചനകൾ.

നിലവിൽ പല താരങ്ങളുടെയും പ്രതിനിധി ആയി പ്രവർത്തിക്കുന്ന ഡെക്കോ ഇതെല്ലാം കയ്യൊഴിഞ്ഞ ശേഷമേ ബാഴ്‍സയിൽ ചേരാൻ സാധിക്കൂ. അടുത്തിടെ സൗത്ത് അമേരിക്കൻ താര കമ്പോളത്തിലും ബാഴ്‌സയെ സഹായിക്കുന്നത് ഡെക്കോ തന്നെയാണ്. റാഫിഞ്ഞയെ ടീമിലേക്ക് എത്തിക്കുന്നതിൽ നിർണായ സാന്നിധ്യമായി. കഴിഞ്ഞ ദിവസം ബാഴ്‌സലോണ നഗരത്തിൽ എത്തിയ ഡെക്കോ സാവിയുമായി ചർച്ചകൾ നടത്തിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്യു അലമാനി ജൂണോടെ സ്ഥാനം ഒഴിയുന്നതിനാൽ ഉടനെ തന്നെ പുതിയ പകരക്കാരനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവും എന്നാണ് കരുതുന്നത്.

Exit mobile version