റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ ?

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിടുമെന്ന് വാർത്ത വന്നതോടെ എല്ലാരുടെയും ചോദ്യം ക്രിസ്റ്റ്യാനോയുടെ അടുത്ത ടീം എന്താണെന്നാണ്. ലോകത്തിലെ ചുരുക്കം ചില ക്ലബ്ബുകൾക്ക് മാത്രമേ റൊണാൾഡോയോ പോലൊരു താരത്തെ സ്വന്തമാക്കാനാവു. തന്റെ മുൻ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് താരത്തെ സ്വന്തമാക്കാൻ മുൻപിൽ എന്ന് തന്നെയാണ് കരുതപ്പെടുന്നത്. നാല് തവണ ബലോൺ ഡർ വിജയിയായ റൊണാൾഡോ തന്റെ സ്പെയിനിലെ ഫുട്ബോൾ കളി മതിയാക്കാനുറച്ച് തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ. സ്പാനിഷ് ടാക്സ് അതോറിറ്റിയുമായുള്ള പ്രശ്‍നങ്ങളാണ് താരത്തെ സ്പെയിനിൽ നിന്ന് വിട്ടു പോവാൻ പ്രേരിപ്പിക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു.

2016 നവംബറിൽ റയൽ മാഡ്രിഡുമായി പുതിയ കരാറിലെത്തിയ റൊണാൾഡോയോ റിലീസ് തുക ഒരു ബില്യൺ യൂറോ ആണ്.  അത് കൊണ്ട് തന്നെ ആര് വന്നാലും റൊണാൾഡോയെ ടീമിൽ എത്തിക്കുന്നതിന് നല്ലൊരു തുക ചെലവാക്കേണ്ടി വരും.  റൊണാൾഡോ വാങ്ങാൻ ഉദ്ദേശിക്കുന്ന ക്ലബ്ബിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് റൊണാൾഡോയുടെ മുൻ ക്ലബ് ആയ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാവും.  2003ൽ യുണൈറ്റഡിൽ എത്തിയതിനു ശേഷമാണു റൊണാൾഡോ ഒരു ലോകോത്തര കളിക്കാരനായി മാറിയത്. സർ അലക്സ് ഫെർഗുസന് കീഴിൽ 3 പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും നേടിയ റൊണാൾഡോ  2008ൽ  ആദ്യമായി ബലോൺ ഡർ വിജയായിയായതും യുണൈറ്റഡിൽ വെച്ചാണ്. മൗറിഞ്ഞോക്ക് കീഴിൽ ഒരു ചാമ്പ്യൻ ടീമിനെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്ന യുണൈറ്റഡിന് റൊണാൾഡോയുടെ തിരിച്ച് വരവ് മികച്ച ഊർജ്ജം പകരും. മൗറിഞ്ഞോക്ക് കീഴിൽ റയൽ മാഡ്രിഡിൽ കളിച്ച പരിചയവും താരത്തിനുണ്ട്.

യുണൈറ്റഡ് കഴിഞ്ഞ റൊണാൾഡോയെ സ്വന്തമാക്കാൻ സാധ്യതയുള്ള മറ്റൊരു ടീം ആണ് പാരീസ് സെന്റ് ജർമൈൻ. കഴിഞ്ഞ സീസണിൽ മൊണാക്കോക്ക് പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്യേണ്ടി വന്ന പി എസ് ജി ഇത്തവണ കിരീടം നേടാനുറച്ച് തന്നെയാണ്. ഇബ്രാഹിമോവിച്ച് യുണൈറ്റഡിലേക്ക് കൂട് മാറിയതോടെ ആക്രമണ നിരയിൽ ഒരു മികച്ച താരത്തിന്റെ കുറവും പി എസ് ജിക്കുണ്ട്.   ഖത്തർ ഉടമസ്ഥതയിലുള്ള പി എസ് ജി റൊണാൾഡോ ആഗ്രഹിക്കുന്ന വേതനം കൊടുക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.

യൂണൈറ്റഡിനും പി എസ് ജിക്കും പുറകിൽ ചൈനീസ് – മേജർ സോക്കർ ലീഗ് ക്ലബ്ബുകളും റൊണാൾഡോക്ക് വേണ്ടി വല വിരിച്ചേക്കാം. അടുത്ത കലാത്തായി ചൈനീസ് ഗവണ്മെന്റ് കളിക്കാരെ വാങ്ങിക്കുന്നതിനു നിയന്ത്രണങ്ങൾ ഏർപെടുത്തിയെങ്കിലും റൊണാൾഡോക്ക് വേണ്ടി ഒരു പാട് ക്ലബ്ബുകൾ രംഗത്ത് എത്തുമെന്ന് തന്നെയാണ്  വിശ്വസിക്കപ്പെടുന്നത്.  കഴിഞ്ഞ വർഷം എം എൽ എസ് ലീഗിനെ പറ്റി  ചോദിച്ചപ്പോൾ  ഓരോ വർഷവും എം എൽ എസ് മികച്ചതാവുന്നു എന്നും റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. റൊണാൾഡോയുടെ വരവോടെ ഈ ലീഗുകൾ കൂടുതൽ വാർത്തകളിൽ നിറയുകയും ചെയ്യും

റയൽ മാഡ്രിഡിന് വേണ്ടി 394 കളികളിൽ നിന്ന് 406 ഗോൾ നേടിയ റൊണാൾഡോ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ല ലീഗയും ചാമ്പ്യൻസ് ലീഗും റയൽ മാഡ്രിഡിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച റൊണാൾഡോ ഈ കൊല്ലത്തെ ബലോൺ ഡർ വിജയിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതായാലും ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വർത്തയാവാൻ പോവുന്ന താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപണമെറിഞ്ഞ് എവർട്ടണ്‍
Next articleസഞ്ജുവും പത്താനും റൈനയും തമിഴ്നാടു പ്രീമിയര്‍ ലീഗിലേക്ക്, ബിസിസിഐ അനുമതി നിര്‍ണ്ണായകം