എൽ ക്ലാസികോ വീണ്ടും റയലിനൊപ്പം, മെസ്സിക്കും ബാഴ്സക്കും നിരാശ

20210411 012746
- Advertisement -

ബാഴ്സലോണക്ക് ഒരു എൽ ക്ലാസികോയിൽ കൂടെ പരാജയം. ലോക ഫുട്ബോളിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ആണ് ഇന്ന് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് റയൽ മാഡ്രിഡ് ബാഴ്സലോണയെ തോൽപ്പിക്കുന്നത്

2021ൽ ലാലിഗയിൽ പരാജയം അറിയാത്ത ബാഴ്സലോണയെ തുടക്കത്തിൽ തന്നെ വിറപ്പിക്കാൻ റയൽ മാഡ്രിഡിനായി. 13ആം മിനുട്ടിൽ തന്നെ ബെൻസീമയിലൂടെ റയൽ ലീഡ് എടുത്തു. ലൂകസ് വാസ്കസ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് മനോയരമായ ബാക്ക് ഫ്ലിക്കിലൂടെ ബെൻസീമ വലയിൽ കയറ്റുക ആയിരുന്നു. ആദ്യ പകുതിയിൽ തന്നെ റയൽ മാഡ്രിഡ് രണ്ടാം ഗോളും നേടി. വിനീഷ്യസ് നേടിതന്ന ഫ്രീകിക്ക് എടുത്ത ടോണി ക്രൂസ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം ബാഴ്സലോണയെ കളിയിലേക്ക് തിരികെകൊണ്ടു വന്നു. 65ആം മിനുട്ടിൽ മിങുവേസ ആണ് ബാഴ്സലോണക്ക് പ്രതീക്ഷ നൽകിയ ഗോൾ നേടിയത്. ഇതിന് മുമ്പ് മെസ്സിയുടെ ഒരു ഒളിമ്പിക് ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. രണ്ടാം പകുതിയിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് റയലായിരുന്നു. പക്ഷെ കൂടുതൽ ഗോൾ നേടി കളിയുടെ വിധി പെട്ടെന്ന് നിർണയിക്കാൻ റയലിനായില്ല. 89ആം മിനുട്ടിൽ കസമീറോ ചുവപ്പ് കണ്ടത് റയലിനെ സമ്മർദ്ദത്തിലാക്കി‌. ഇഞ്ച്വറി ടൈമിൽ ബാഴ്സയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. അവസാനം സിദാന്റെ ടീം വിജയം സ്വന്തമാക്കി.

ഈ പരാജയം ഒന്നാമത് എത്താനുള്ള ബാഴ്സലോണ മോഹത്തിനു തിരിച്ചടിയാണ്. ഇന്ന് വിജയിച്ച റയൽ മാഡ്രിഡ് 66 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഒന്നാമത് നിൽക്കുകയാ‌ണ്. 65 പോയിന്റുമായി ബാഴ്സലോണ രണ്ടാമത് ആണ്.

Advertisement