കിരീടം വെക്കാത്ത രാജാവ്, ഇയാഗോ ആസ്‌പാസിന് സെൽറ്റയിൽ പുതിയ കരാർ

സെൽറ്റ ഡി വിഗോയുടെ എല്ലാമെല്ലാമാണ് ഇയാഗോ ആസ്‌പാസ്. ടീമിന്റെ രണ്ടാം ക്യാപ്റ്റൻ. മുന്നേറ്റ നിരയുടെ കുന്തമുന. ടീമിന്റെ എക്കാലത്തെയും ടോപ്പ് സ്‌കോറർ. ലീഗിലെ വമ്പന്മാരുടെ സ്ഥിരം തലവേദനകളിൽ ഒന്ന്. അത് കൊണ്ട് തന്നെ ആസ്പാസിന്റെ സെൽറ്റയിലെ തുടർച്ച ആരെയും അത്ഭുതപ്പെത്തുകയും ഇല്ല. തങ്ങളുടെ ഇതിഹാസ താരത്തിന്റെ അടുത്ത വർഷത്തോടെ അവസാനിക്കേണ്ട കരാർ വീണ്ടും രണ്ടു വർഷത്തേക്ക് കൂടി നീട്ടി നൽകിയിരിക്കുകയാണ് സെൽറ്റ വീഗൊ.
20220725 203342
അടുത്ത മാസം മുപ്പത്തിയഞ്ചാം വയസ് തികയുന്ന ആസ്‌പാസ് ഇതോടെ ഇനിയും മൂന്ന് വർഷം കൂടി ടീമിൽ തുടരാൻ കഴിയും എന്ന് ഉറപ്പായിരിക്കുകയാണ്. ഗോളുകളും അസിസ്റ്റുകളുമായി സെൽറ്റയുടെ മുന്നേറ്റം നയിച്ചു കൊണ്ട് ഈ സ്പാനിഷ് താരത്തെ ഇനിയും ആരാധകർക്ക് ടീമിന്റെ നീല കുപ്പായത്തിൽ കാണാനാക്കും.

2008ലാണ് ആസ്‌പാസ് സെൽറ്റക്ക് വേണ്ടി ലീഗിൽ അരങ്ങേറുന്നത്. യൂത്ത് കരിയറിലും സെൽറ്റയിൽ തന്നെ ആയിരുന്നു താരം ചെലവഴിച്ചത്. 2013ന് ശേഷം ഒരോ സീസൺ ലിവർപൂളിലും സെവിയ്യയിലും ചെലവഴിച്ചെങ്കിലും ആസ്‌പാസ് സെൽറ്റയിലേക്ക് തന്നെ മടങ്ങിയെത്തി. ലീഗിൽ നാല് തവണ ടോപ്പ് സ്‌കോറർക്കുള്ള പിച്ചിച്ചി അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇത് റെക്കോർഡ് ആണ്. ഡേവിഡ് വിയ്യാ, റൗൾ എന്നിവരാണ് നാല് തവണ പിച്ചിച്ചി നേടിയ മറ്റ് ചില താരങ്ങൾ. സ്പാനിഷ് ദേശിയ ടീമിന്റെ ജേഴ്‌സിയിൽ പതിനെട്ടു തവണ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

സെൽറ്റക്ക് വേണ്ടി നാന്നൂറ്റിയിരുപതോളം മത്സരങ്ങളിൽ നിന്ന് നൂറ്റിയെൺപത് ഗോളുകൾ കണ്ടെത്തി. ആസ്പാസിന്റെ ഗോളടി മികവ് ഇനിയും തങ്ങളുടെ തുണക്കെത്തുമെന്ന പ്രതീക്ഷയിലാണ് സെൽറ്റ.

Exit mobile version