20230605 023833

ലീഗ് ജേതാക്കളെ കീഴടക്കി റെലെഗേഷൻ ഒഴിവാക്കി സെൽറ്റ വീഗോ; ബാഴ്‌സക്ക് തോൽവിയോടെ സീസണിന് തിരശീല

സീസണിലെ അവസാന മത്സരത്തിൽ സെൽറ്റ വീഗോയോട് തോൽവി വഴങ്ങി ബാഴ്‌സലോണ. തരംതാഴ്ത്തൽ ഒഴിവാക്കാൻ ജീവന്മരണ പോരാട്ടം പുറത്തെടുത്ത സെൽറ്റക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നിർണായക ജയം നേടിയത്. ഗബ്രി വെയ്ഗ ജേതാക്കൾക്കായി ഇരട്ട ഗോളുകൾ നേടിയപ്പോൾ ആൻസു ഫാറ്റി ബാഴ്‌സക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. എസ്പാന്യോളിനെതിരെ മൂന്ന് ഗോൾ വീതമടിച്ചു സമനില നേടിയ അൽമേരിയയും അടുത്ത സീസണിൽ ലാ ലീഗയിൽ ഉണ്ടാവുമെന്നുറപ്പിച്ചു. വല്ലഡോളിഡും എൽഷേയും എസ്പാന്യോളും ആണ് രണ്ടാം ഡിവിഷനിലേക്ക് എത്തുന്ന ടീമുകൾ. വിജയത്തോടെ സെൽറ്റ പതിമൂന്നാം സ്ഥാനത്താണ് സീസൺ അവസാനിപ്പിക്കുന്നത്.

തരംതാഴ്ത്തൽ ഒഴിവാക്കുന്നതിന് വേണ്ടി മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ ഇരിക്കാൻ വിജയം അവശ്യമായതിനാൽ തുടക്കം മുതൽ സെൽറ്റ ഇടതടവില്ലാതെ മുന്നേറ്റങ്ങൾ നടത്തി. ബാഴ്‌സയും അവസാന മത്സരത്തിന്റെ ആലസ്യമില്ലാതെ കളിച്ചപ്പോൾ ഒന്നിന് പിറകെ ഒന്നായി ഇരു ബോക്സിലേക്കും പന്തെത്തി കൊണ്ടിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ സീസണിൽ ഫോമിലുള്ള യുവതാരം ഗബ്രി വെയ്ഗയുടെ ഷോട്ട് റ്റെർ സ്റ്റഗന്റെ കൈകളിൽ എത്തി. റാഫിഞ്ഞയുടെ നീക്കം ഓഫ്‌സൈഡിൽ കലാശിച്ചു. 12ആം മിനിറ്റിൽ കെസ്സി പന്ത് വലയിൽ എത്തിച്ചെങ്കിലും വാർ ചെക്കിൽ ഓഫ്സൈഡ് വിധി വന്നു. വെയ്ഗയുടെ മറ്റൊരു നീക്കം ക്രിസ്റ്റൻസൻ തടഞ്ഞു. ബാഴ്‌സയുടെ കോർണറിൽ നിന്നും പിറന്ന കൗണ്ടറിൽ സെൽറ്റ പ്ലെയേഴ്‌സ് കുതിച്ചെങ്കിലും ബോക്സിന് പുറത്തു നിന്ന പേരെസിന്റെ ശ്രമം കീപ്പറുടെ കൈകളിൽ അവസാനിച്ചു. ലെവെന്റോവ്സ്കിയുടെ മറ്റൊരു ശ്രമം പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. ഇരു ടീമുകളും തുടർച്ചയായി അവസരങ്ങൾ തുലച്ച ശേഷം 42ആം മിനിറ്റിൽ സെൽറ്റ നിർണായക ഗോൾ നേടി. മധ്യനിരയിൽ നിന്നും ബാഴ്‌സ നഷ്ടപ്പെടുത്തിയ പന്ത് സെഫെറോവിച്ചിൽ നിന്നും വെയ്ഗയിലേക്ക് എത്തി. ബോക്സിലേക്ക് കുത്തിച്ച താരം ദുഷകരമായ ആംഗിളിൽ നിന്നും പന്ത് വലയിൽ എത്തിച്ചു.

രണ്ടാം പകുതിയിലും മത്സരഗതി മാറ്റമില്ലാതെ തുടർന്നു. ലീഡ് എടുത്തെങ്കിലും സെൽറ്റ വീഗോ തങ്ങളുടെ ആക്രമണങ്ങൾക്ക് ഒട്ടും കുറവ് വരുത്തിയില്ല. 65ആം മിനിറ്റിൽ ഗബ്രി വെയ്ഗ വീണ്ടും ഗോൾ നേടി. വലത് വിങ്ങിൽ ബോക്സിന് തൊട്ടു പുറത്തു നിന്നും ഉയർത്തി വിട്ട പന്ത് കീപ്പർക്കും പിടി കൊടുക്കാതെ വലയിൽ പതിച്ചു. 79ആം മിനിറ്റിൽ ഡെമ്പലെയുടെ ക്രോസിൽ പോസ്റ്റിന് തൊട്ടു മുൻപിൽ വെച്ച് ഹെഡർ ഉതിർത്ത് ഫാറ്റി ബാഴ്‌സക്കായി ഒരു ഗോൾ മടക്കി. ഗോൾ വഴങ്ങിയതോടെ ടോപ്പ് ഫൈവ് ലീഗിൽ ക്ലീൻ ഷീറ്റ് റെക്കോർഡ് തകർക്കാം എന്ന ടെർ സ്റ്റഗന്റെ മോഹങ്ങളും അസ്ഥാനത്തായി.

Exit mobile version