20230417 200624

ടീമുമായി ചർച്ച നടത്തും, താരം റയലിൽ പുതിയ കരാർ ഒപ്പിടുമെന്ന് കമാവിംഗയുടെ ഏജന്റ്

എഡ്വാർഡോ കമാവിംഗ റയൽ മാഡ്രിഡിൽ തന്നെ തുടരുമെന്ന് വെളിപ്പെടുത്തി താരത്തിന്റെ ഏജന്റ് ബെർനെറ്റ്. ഗോൾ.കോമുമായി സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. റയൽ മാഡ്രിഡ് അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കുന്നത് താരം ആഗ്രഹിക്കുന്നില്ലെന്നും റയൽ ഒരിക്കലും താരത്തെ കൈവിടാൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കരാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ടീമുമായി യഥാസമയം ചർച്ച നടത്തും എന്ന് അദ്ദേഹം സൂചിപ്പിച്ചു. “കൃത്യ സമയത്ത് തന്നെ ടീമുമായി കരാർ ചർച്ചകൾ നടത്തും. കരിയറിൽ തുടർന്നും മാഡ്രിഡ് ജേഴ്‌സി അണിയാൻ ആണ് താരം ആഗ്രഹിക്കുന്നത്. പുതിയ കരാറിൽ എത്താൻ സാധിക്കും എന്ന് തനിക്ക് ഉറപ്പുണ്ട്” ബെർനെറ്റ് പറഞ്ഞു.

കമാവിംഗയെ ചുറ്റിപ്പറ്റി വന്ന ട്രാൻസ്ഫർ റൂമറുകൾ എല്ലാം ഏജന്റ് തള്ളിക്കളഞ്ഞു. ജനുവരിയിൽ ആഴ്സനലിലേക്ക് താരം പോവും എന്നടക്കം വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അതൊരിക്കലും സംഭിവിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ റയലിന്റെ ഒഴിച്ചു കൂടാനാവാത്ത താരമാണ് കമാവിംഗ. ചൗമേനിയുടെ പരിക്കിന്റെ അഭാവത്തിൽ തുടർച്ചയായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ താരം പിന്നീട് ടീമിന്റെ അഭിവാജ്യ ഘടകമായി. ഇടത് ബാക്ക് അടക്കം മറ്റ് സ്ഥാനങ്ങളിലും താരത്തിന് തിളങ്ങാൻ ആവും എന്നതും നേട്ടമായി. കമാവിംഗക്ക് സീസണിന് ശേഷം റയൽ പുതിയ കരാർ നൽകിയേക്കും എന്ന് സൂചകൾ ഉണ്ട്. വരുമാനത്തിലും കാര്യമായ വർധനവ് തന്നെ ഉണ്ടാവും.

Exit mobile version