
ബാലണ്‍ ഡിയോര്‍ വിജയം ആഘോഷമാക്കി റൊണാൾഡോ നിറഞ്ഞാടിയപ്പോൾ റയൽ മാഡ്രിഡിന് ഉജ്ജ്വല ജയം. സെവിയ്യയെ ആണ് റയൽ മാഡ്രിഡ് 5 -0 പരാജയപ്പെടുത്തിയത്. രണ്ട് ഗോളോടെ റൊണാൾഡോ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ നാച്ചോയും ക്രൂസും യുവ താരം അച്ചറഫും റയൽ മാഡ്രിഡിന് വേണ്ടി മറ്റു ഗോളുകൾ ഗോൾ നേടി.
സ്വപ്നസമാനമായ തുടക്കമാണ് സിദാനും സംഘത്തിനും മത്സരത്തിൽ ലഭിച്ചത്. രണ്ടാം മിനുട്ടിൽ തന്നെ നാചോ റയൽ മാഡ്രിഡിന് ലീഡ് നേടി കൊടുത്തു. തുടർന്നാണ് റൊണാൾഡോ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞു കളിച്ചത്. അസ്സൻസിയോയുടെ പാസിൽ നിന്നാണ് റൊണാൾഡോ ആദ്യ ഗോൾ നേടിയത്. തുടർന്ന് സെവിയ്യ താരം ജെസുസ് നവാസ് പെനാൽറ്റി ബോക്സിൽ വെച്ച് പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് റൊണാൾഡോ രണ്ടാമത്തെ ഗോൾ നേടിയത്.
തുടർന്നാണ് ക്രൂസ് റയൽ മാഡ്രിഡിന്റെ നാലാമത്തെ ഗോൾ നേടിയത്. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ക്രൂസ് വളരെ മനോഹരമായി സെവിയ്യ വല കുലുക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ അച്ചറഫ് അഞ്ചാമത്തെ ഗോളും നേടി റയൽ മാഡ്രിഡിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. അച്ചറഫിന്റെ റയൽ മാഡ്രിഡ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ പ്രതിരോധം ശക്തമാക്കിയ സെവിയ്യ കൂടുതൽ ഗോൾ നേടാനാവാതെ രക്ഷപെടുകയായിരുന്നു.
മത്സരം തുടങ്ങുന്നതിന് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം ലഭിച്ച ബാലണ്‍ ഡിയോര്‍ ബെർണബ്യൂവിലെ കാണികൾക്ക് മുൻപിൽ പ്രദർശിപ്പിച്ചിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial