അവസാന മത്സരത്തിൽ ഗോളുമായി ലോസ് ബ്ലാങ്കോസിനോട് വിട പറഞ്ഞ് കരീം ബെൻസിമ; അത്ലറ്റിക്കിനെതിരെ മാഡ്രിഡിന് സമനില

Nihal Basheer

Fxzfh2fxwaelbrc
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ അവസാന മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയോട് സമനിലയിൽ പിരിഞ്ഞ് റയൽ മാഡ്രിഡ്. മത്സരത്തിൽ ആദ്യം ലീഡ് വഴങ്ങിയ മാഡ്രിഡ് ബെൻസിമയുടെ ഗോളിലാണ് സമനില ഗോൾ നേടിയത്. ഇഞ്ചുറി ടൈം ഗോളിൽ അത്ലറ്റികോ മാഡ്രിഡ് വിയ്യാറയലിനെതിരെ സമനില വഴങ്ങിയതോടെ റയൽ മാഡ്രിഡിന് ലീഗിൽ രണ്ടാം സ്ഥാനവും നിലനിർത്താനായി.

യുറോപ്യൻ യോഗ്യതക്ക് വിജയം സഹായകരമാകും എന്നതിനാൽ അക്രമണാത്മകമായാണ് വാൽവെർടേ ടീമിനെ അണിനിരത്തിയത്. പതിവ് പോലെ ഇനാകി വില്യംസ് തന്നെ മുന്നേറ്റം നയിച്ചു. ഒൻപതാം മിനിറ്റിൽ താരത്തിന്റെ ഹെഡർ ക്രൂസിന്റെ കൈകളിൽ തട്ടിയപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക് വിരൽ ചൂണ്ടി. എന്നാൽ വെസ്ഗയുടെ ഷോട്ട് തടുത്തു കൊണ്ട് കോർട്ടുവ റയലിന്റെ രക്ഷകനായി. പിന്നീട് യൂരിയുടെ മികച്ചൊരു ലോങ് റേഞ്ചറും താരം തട്ടിയകറ്റി. വിനിഷ്യസിന്റെ ചില മുന്നേറ്റങ്ങൾ അത്ലറ്റിക് പ്രതിരോധം തടുത്തു. ഇടവേളക്ക് മുൻപ് ബോക്സിലേക്ക് കയറി പ്രതിരോധ താരങ്ങളെ ഓരോന്നായി മറികടന്ന് റോഡ്രിഗോ നടത്തിയ മുന്നേറ്റം പക്ഷെ ഉനയ് സൈമണിന്റെ ഇടപെടലിൽ അത്ലറ്റിക് ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു. തൊട്ടു പിറകെ കർവഹാളിന്റെ ശ്രമവും അകന്ന് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അത്ലറ്റിക് ക്ലബ്ബ് ലീഡ് എടുത്തു. ഹേരെരയുടെ പാസിൽ സാൻകെറ്റ് ആണ് വല കുലുക്കിയത്. താരത്തിന്റെ ആദ്യ ശ്രമം കോർട്ടുവ തടുത്തെങ്കിലും അടുത്ത ശ്രമം ലക്ഷ്യത്തിൽ എത്തിക്കാൻ താരത്തിനായി. പിന്നീട് ഇനാകി വില്യംസിന്റെ ശ്രമവും കോർട്ടുവ തടുത്തു. 72ആം മിനിറ്റിൽ റയലിന്റെ സമനില ഗോൾ എത്തി. ബോക്സിനുള്ളിൽ മിലിറ്റാവോയെ യൂരി ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടുകയയായിരുന്നു. തന്റെ ബെർണബ്യുവിലെ അവസാന മത്സരത്തിൽ കരീം ബെൻസിമ തന്നെ പെനാൽറ്റി വലയിൽ എത്തിച്ചു. പിറകെ ആൻസലോട്ടി താരത്തെ പിൻവലിച്ചപ്പോൾ ആരാധകർ ഹർഷാരവത്തോടെ താരത്തിന് വിട നൽകി. തുടർന്നും ഇരു ബോക്സിലെക്കും പലപ്പോഴും പന്തെത്തിയപ്പോഴും ഗോൾ മാത്രം പിറന്നില്ല. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം അത്ലറ്റിക്കിന് ലഭിച്ച മികച്ചൊരു അവസരം കൗണ്ടർ ആയി പരിണമിച്ചപ്പോൾ എതിർ ബോക്സിലേക്ക് ഓടിക്കയറിയ വിനിഷ്യസിന് പക്ഷെ ലക്ഷ്യം കാണാനും ആയില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ ഒസാസുന വിജയം നേടിയതോടെ അത്ലറ്റിക് ക്ലബ്ബിന്റെ കോൺഫെറൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു.