എൽ ക്ലാസിക്കോയിൽ ഗോളടിക്കാൻ ബെൻസിമ

റയൽ മാഡ്രിഡിന്റെ ആക്രമണ നിരയിലെ പ്രധാനിയാണ് കരിം ബെൻസിമ എന്ന ഫ്രഞ്ച് താരം. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ നേടിക്കൊടുത്തു. എന്നാൽ ഇത്തവണ ബെൻസിമ എൽ ക്ലാസിക്കോയ്ക്കിറങ്ങുമ്പോൾ ആരാധകർ ഉറ്റു നോക്കുന്നത് ചാമ്പ്യൻസ് ലീഗ് സെമിയിലെ പ്രകടനത്തിന്റെ ആവർത്തനമാണ്. ഈ സീസണിലെ ബെൻസിമയുടെ ഫോമൗട്ട് ആണ് ആരാധകരുടെയും റയൽ മാനേജ്‌മെന്റിന്റെയും ക്ഷമ പരീക്ഷിക്കുന്നത്. ഈ സീസണിൽ ലീഗയിൽ 11 മത്സരങ്ങളിൽ രണ്ടു ഗോളും മൂന്നു അസിസ്റ്റുമാണ് ബെൻസിമയുടെ സമ്പാദ്യം. റയലിന്റെ കോച്ചായി ചുമതലയേറ്റ സിദാന്റെ ആദ്യ എൽ ക്ലാസിക്കോയിൽ 2 -1 ന്റെ വിജയമാണ് റയൽ നേടിയത്. അന്നത്തെ പ്രകടനം ബെൻസിമ ആവർത്തിക്കുമെന്നാണ് ലോസ് ബ്ലാങ്കോസ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനൽ മത്സരം, മൂന്നാം മിനുട്ടിൽ ജോഷ്വ കിമ്മിഷ് നേടിയ ഗോളിൽ ബയേൺ മ്യൂണിക്ക് ലീഡ് നേടി. റയൽ മാഡ്രിഡ് സമ്മർദ്ദത്തിലായ നിമിഷങ്ങൾ. പതിനൊന്നാം മിനുട്ടിൽ വിമർശകരുടെ വായടപ്പിച്ച് കൊണ്ട് ബെൻസിമ സ്‌കോർ ചെയ്യുന്നു. ഈ സീസണിലെ ഏറ്റവും മികച്ച തിരിച്ചു വരവ്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേണിന്റെ ഗോളി സ്വെൻ ഉൾറൈക്കിന്റെ വീഴ്ച മുതലെടുത്ത് വീണ്ടും ബെൻസിമ സ്‌കോർ ചെയ്തു. രണ്ടു ഗോളടിച്ച് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ അഗ്രിഗേറ്റായ 4 -3 സ്കോറിന്റെ പിൻബലത്തിൽ റയൽ ഫൈനലിലേക്ക്. ബയേണിന്റെ കോച്ച് യപ്പ്  ഹൈങ്കിസിന്റെ തന്ത്രങ്ങളും നിക്‌ളാസ് സുലെയുടെ മാർക്കിങ്ങിലും പെട്ട് സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഗോളടിക്കാനാവാതെ വിഷമിച്ചപ്പോളാണ് ബെൻസിമ അവസരത്തിനൊത്ത് ഉയർന്നത്.

ഗോൾ സ്‌കോറർ എന്നതിലുപരി ഗോളടിപ്പിക്കാനും ടീമിനെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി എന്ന നിലയിലാണ് സിദാൻ ബെൻസിമയെ വിശേഷിപ്പിച്ചത്. എൽ ക്ലാസിക്കോയിലെ റയലിന്റെ ആയുധം കൂടിയാണ് മൂപ്പത്തുകാരനായ ഫ്രഞ്ച് താരം. പതിനഞ്ച് ഗോളുകളും അസിസ്റ്റും ബാഴ്‌സയ്‌ക്കെതിരെ ബെൻസൈമയുടേതായിട്ടുണ്ട്. 26 തവണയാണ് റയലിനോടൊപ്പം ബാഴ്‌സയെ ബെൻസിമ നേരിട്ടിരിക്കുന്നത്. മൂന്നു തവണ ലിയോണിനൊപ്പവും ബാഴ്‌സയെ ബെൻസിമ നേരിട്ടിരുന്നു. 2009 ൽ അൻപത് മില്യൺ ഡോളറിനാണ് ലിയോണിൽ നിന്നും ബെൻസിമ റയലിൽ എത്തുന്നത്. ക്യിവിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപായുള്ള എൽ ക്ലാസിക്കോ ജയിക്കേണ്ടത് റയലിന്റെ ആവശ്യമാണ്. BBC യുടെ അവസാന ക്ലാസിക്കോ ആയിരിക്കുമെന്ന് കരുതപ്പെടുന്ന ഇന്നത്തെ മത്സരം ഉറ്റു നോക്കുകയാണ് ഫുട്ബോൾ ആരാധകർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Comments are closed, but trackbacks and pingbacks are open.