ബെൻസേമ രക്ഷകനായി, മാസ്സ് തിരിച്ചുവരവിൽ റയൽ മാഡ്രിഡിന് ജയം

Photo:Real Madrid
- Advertisement -

തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും തോൽക്കുന്നതിൽ നിന്ന് റയൽ മാഡ്രിഡിനെയും സിദാനെയും രക്ഷിച്ച് ബെൻസേമ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ പോയതിനു ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ ആയിരുന്ന റയൽ മാഡ്രിഡിനെ രക്ഷിച്ചത് ഇരട്ട ഗോൾ നേടിയ ബെൻസേമയായിരുന്നു.

ആദ്യ പകുതിയിൽ മോശം പ്രകടനം കാഴ്ചവെച്ച റയൽ മാഡ്രിഡിനെതിരെ ഞെട്ടിക്കുന്ന പ്രകടനമാണ് ഈബർ നടത്തിയത്. അതിന്റെ ഫലമെന്നോണം 39ആം മിനുട്ടിൽ കാർഡോണ ഈബറിന് അർഹിച്ച ഗോൾ നേടി കൊടുത്തു. എന്നാൽ രണ്ടാം പകുതിയിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച കളി പുറത്തെടുത്ത റയൽ മാഡ്രിഡ് മത്സരം തങ്ങൾക്ക് അനുകൂലമാക്കുകയായിരുന്നു. ബെൻസേമ ഹെഡറിലൂടെ നേടിയ രണ്ടു ഗോളുകളാണ് റയൽ മാഡ്രിഡിന്റെ വിജയം ഉറപ്പിച്ചത്.

Advertisement