ബെൻസിമയും എൽ ക്ലാസിക്കോയും

- Advertisement -

റയൽ മാഡ്രിഡിന്റെ ആക്രമണ നിരയിലെ പ്രധാനിയാണ് കരിം ബെൻസിമ എന്ന ഫ്രഞ്ച് താരം. BBC എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന റയലിന്റെ ആക്രമണ ത്രയത്തിലെ അംഗമെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ റയലിന് വേണ്ടി ബെൻസിമ നേടിക്കൊടുത്തു. എന്നാൽ ഇത്തവണ ബെൻസിമ എൽ ക്ലാസിക്കോയ്ക്കിറങ്ങുമ്പോൾ ആരാധകർ ഉറ്റു നോക്കുന്നത് ഒരു വമ്പൻ തിരിച്ചു വരവാണ്. ഈ സീസണിലെ ബെൻസിമയുടെ ഫോമൗട്ട് ആണ് ആരാധകരുടെയും റയൽ മാനേജ്‌മെന്റിന്റെയും ക്ഷമ പരീക്ഷിക്കുന്നത്. ഈ സീസണിൽ ലീഗയിൽ 11 മത്സരങ്ങളിൽ രണ്ടു ഗോളും മൂന്നു അസിസ്റ്റുമാണ് ബെൻസിമയുടെ സമ്പാദ്യം. ഈ സീസണിലെ ആദ്യ ക്ലാസിക്കോയിലൂടെ ശക്തമായൊരു തിരിച്ച് വരവ് താരത്തിന് സ്വന്തമാക്കാം. സിനദിൻ സിദാന്റെ ശക്തമായ സപ്പോർട്ടാണ് നമ്പർ നയനായ ബെൻസിമയെ ടീമിൽ നിലനിർത്തുവാൻ കാരണം.

ഗോൾ സ്‌കോറർ എന്നതിലുപരി ഗോളടിപ്പിക്കാനും ടീമിനെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി എന്ന നിലയിലാണ് സിദാൻ ബെൻസിമയെ വിശേഷിപ്പിച്ചത്. എൽ ക്ലാസിക്കോയിലെ റയലിന്റെ ആയുധം കൂടിയാണ് മൂപ്പത്തുകാരനായ ഫ്രഞ്ച് താരം. പതിനഞ്ച് ഗോളുകളും അസിസ്റ്റും ബാഴ്‌സയ്‌ക്കെതിരെ ബെൻസൈമയുടേതായിട്ടുണ്ട്. 26 തവണയാണ് റയലിനോടൊപ്പം ബാഴ്‌സയെ ബെൻസിമ നേരിട്ടിരിക്കുന്നത്. മൂന്നു തവണ ലിയോണിനൊപ്പവും ബാഴ്‌സയെ ബെൻസിമ നേരിട്ടിരുന്നു. 2009 ൽ അൻപത് മില്യൺ ഡോളറിനാണ് ലിയോണിൽ നിന്നും ബെൻസിമ റയലിൽ എത്തുന്നത്. ലാലീഗയിലെ കിരീടപ്പോരാട്ടത്തിൽ നിലനിൽക്കാൻ റയലിനും റയൽ മാഡ്രിഡിൽ സ്ഥാനമുറപ്പിക്കാൻ ബെൻസീമയ്ക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement