ഇഞ്ചുറി ടൈമിൽ രക്ഷകനായി ബെൻസീമ, റയലിന് സമനില കുരുക്ക്

ല ലീഗെയിൽ പരാജയത്തിലേക്ക് നീങ്ങിയ റയൽ മാഡ്രിഡിന് രക്ഷകനായി ഇഞ്ചുറി ടൈമിൽ ഗോളുമായി കരീം ബെൻസീമ. വലൻസിയക്ക് എതിരെ റയലിന് 1-1 ന്റെ സമനില മാത്രം. ഇതോടെ റയൽ 35 പോയിന്റ് നേടി രണ്ടാം സ്ഥാനത്താണ്. ബാഴ്സക്ക് ഇത്ര തന്നെ പോയിന്റ് ആണ് ഉള്ളത് എങ്കിലും ഗോൾ ശരാശരിയിൽ മുന്നിട്ട് നിൽക്കുന്നതിനാൽ അവർ ഒന്നാം സ്ഥാനത്താണ്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം കളി തീരാൻ കേവലം 12 മിനുട്ട് മാത്രം ബാക്കി നിൽക്കേ കാർലോസ് സോളർ റയൽ വല കുലുക്കി ജയം ഉറപ്പിച്ചതായിരുന്നു. പക്ഷെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുട്ടിൽ ബെൻസീമ വലൻസിയയുടെ സ്വപ്നം തകർത്ത ഗോൾ നേടി സ്കോർ തുല്യമാക്കി. 18 ആം തിയതി നടക്കുന്ന എൽ ക്ലാസികോക്ക് മുൻപ് പോയിന്റ് ടേബിളിൽ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ് മാഡ്രിഡ് ഇതോടെ നഷ്ടമാക്കിയത്.