ബെൻസീമയ്ക്ക് ഇരട്ട ഗോളുകൾ, വിജയം തുടർന്ന് റയൽ മാഡ്രിഡ്

ബാഴ്സലോണയ്ക്ക് ലീഗിന്റെ തലപ്പത്ത് കൂടുതൽ സമ്മർദ്ദങ്ങൾ നൽകുകയാണ് റയൽ മാഡ്രിഡ്. ഇന്നലെ കടുപ്പമേറിയ വലൻസിയക്ക് എതിരായ മത്സരവും റയൽ മാഡ്രിഡ് വിജയിച്ചു. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയിച്ചത്. ബെൻസീമയുടെ ഇരട്ട ഗോളുകളാണ് സിദാന്റെ ടീമിന് വലിയ വിജയം നൽകിയത്.

ഗോൾ ഇല്ലാത്ത ആദ്യ പകുതിക്ക് ശേഷം 61ആം മിനുട്ടിൽ ആയിരുന്നു ബെൻസീമയുടെ ആദ്യ ഗോൾ. ഹസാർഡിന്റെ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നാലെ 74ആം മിനുട്ടിൽ അസൻസിയോ റയലിന്റെ ലീഡ് ഇരട്ടിയാക്കി. നീണ്ട കാലത്തെ പരിക്ക് മാറിയെത്തിയ അസൻസിയോയുടെ ആദ്യ ഗോളാണിത്. 86ആം മിനുട്ടിൽ ബെൻസീമ റയലിന്റെ മൂന്ന് പോയന്റ് ഉറപ്പിച്ച മൂന്നാം ഗോളും നേടി.

ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 29 മത്സരങ്ങളിൽ 62 പോയന്റായി. ഒന്നാമതുള്ള ബാഴ്സലോണക്ക് 64 പോയന്റാണ് ഉള്ളത്.