Img 20220910 124155

ബാഴ്സലോണയിൽ എത്താൻ ബെല്ലാരിൻ ചെയ്തത് വലിയ വിട്ടുവീഴ്ചകൾ, താരം ഇന്ന് അരങ്ങേറിയേക്കും

കളിച്ചു വളർന്ന കളിതട്ടിലേക്ക് തിരിച്ചു വരാൻ ഹെക്ടർ ബെല്ലാരിൻ ചെയ്തത് വലിയ വിട്ടുവീഴ്ച്ചകൾ. വരുമാന വിഷയത്തിൽ ബാഴ്സലോണ പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് തന്റെ സ്വന്തം വരുമാനത്തിൽ വലിയ അളവിൽ കുറവ് വരുത്തിയാണ് തന്റെ തിരിച്ചു വരവ് താരം ഉറപ്പിച്ചത്. തങ്ങളുടെ പട്ടികയിൽ റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഉണ്ടായിരുന്ന മറ്റ് പലതാരങ്ങളുടെയും കൈമാറ്റ തുകയും സമയവും എല്ലാം പ്രശ്നമായി വന്നപ്പോൾ ബെല്ലാരിനെ തന്നെ എത്തിക്കാൻ ബാഴ്‌സ തീരുമാനിക്കുകയായിരുന്നു.

അതേ സമയം താരം മാറ്റ് ഓഫറുകൾ നിരസിക്കുകയും ചെയ്തെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റലിയിൽ നിന്നുള്ള രണ്ട് ഓഫറുകൾ ആണ് താരം തള്ളിക്കളഞ്ഞത്. അതേ സമയം താരം കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്ന ബെറ്റിസിനും ബെല്ലാരിനെ വീണ്ടും ലോണിൽ എത്തിക്കാൻ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ ബാഴ്‌സ തങ്ങൾ ആദ്യ ലക്ഷ്യം വെച്ച താരങ്ങളെ എത്തിക്കാൻ കഴിയില്ലെങ്കിൽ തന്നെ തേടി വരും എന്നുറപ്പുണ്ടായിരുന്ന ബെല്ലാരിൻ അവർക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഏതായാലും സ്വപ്‍ന സാഫല്യം എന്ന പോലെ കളിച്ചു വളർന്ന ടീമിന്റെ സീനിയർ ജേഴ്‌സി അണിയാൻ ഉള്ള ഭാഗ്യവും താരത്തെ തേടി എത്തി. ഇന്ന് കാഡിസിനെതിരെ നടക്കുന്ന മത്സരത്തിൽ ബെല്ലാരിൻ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ ഇലവനിൽ തന്നെ എത്തിയേക്കില്ലെങ്കിലും താരത്തിന് അരങ്ങേറ്റത്തിന് അവസരം ഒരുങ്ങും.

Exit mobile version