
അപരാജിതരായി സീസൺ അവസാനിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യ ലാലിഗ ക്ലബാകാനുള്ള ബാഴ്സയുടെ മോഹത്തിന് അപ്രതീക്ഷിത തിരിച്ചടി. ലീഗിൽ രണ്ട് മത്സരങ്ങളിൽ കൂടെ പരാജയം ഒഴിവാക്കിയാൽ അപരാജിത റെക്കോർഡ് സ്വന്തമാക്കാം എന്ന വിശ്വാസത്തിൽ ഇറങ്ങിയ ബാഴ്സയെ ഗോൾവർഷത്തിനൊടുവിലാണ് ലീഗിലെ 16ആം സ്ഥാനക്കാരായ ലെവന്റെ തോൽപ്പിച്ചത് 9 ഗോളുകൾ പിറന്ന മത്സരം 5-4 എന്ന സ്കോറിനാണ് ലെവന്റയ്ക്ക് അനുകൂലമായി അവസാനിച്ചത്.
മെസ്സി ആദ്യ ഇലവനിലൊ ബെഞ്ചിലൊ ഇല്ലാതെയാണ് ബാഴ്സ ഇന്ന് കളത്തിൽ എത്തിയത്. ആദ്യ 30 മിനുട്ടുകളിൽ തന്നെ ഇമ്മാനുവൽ ബോട്ടിങിന്റെ ഇരട്ട ഗോളുകളിലൂടെ ലെവന്റെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി. കൗട്ടീനോ 38ആം മിനുട്ടിൽ ഗോൾ മടക്കി ബാഴ്സയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും പിന്നെ കണ്ടത് ലെവന്റയുടെ വിളയാട്ടമായിരുന്നു. രണ്ടാം പകുതിയുടെ ആദ്യ 10 മിനുട്ടിൽ മൂന്ന് ഗോളുകൾ കൂടെ ബാഴ്സയുടെ വലയിൽ.
എനിസ് ബാർദി ഇരട്ട ഗോളുകൾ നേടിയപ്പോൾ, ഒരു ഗോൾ കൂടെ അടിച്ച് ബോട്ടങ് ഹാട്രിക്കും തികച്ചു. സ്കോർ 56 മിനുട്ടിൽ ലെവന്റെ 5-1 ബാഴ്സലോണ. മറുവശത്ത് ഹാട്രിക്ക് നേടി കൗട്ടീനോയും ഒരു ഗോളുമായി സുവാരസും പൊരുതി നോക്കിയെങ്കിലും സ്കോർ 5-4 എന്നേ എത്തിയുള്ളൂ. സീസണിലെ ആദ്യ ലീഗ് പരാജയം ഒഴിവാക്കാൻ ബാഴ്സയ്ക്കായില്ല.
ബാഴ്സലോണയുടെ 43 മത്സരങ്ങളുടെ അപരാജിത ലീഗ് കുതിപ്പിനാണ് ഇതോടെ അവസാനമായത്. 2017 ഏപ്രിലിൽ ആയിരുന്നു അവസാനമായി ബാഴ്സ ലീഗിൽ പരാജയമറിഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial