ആറടിച്ച് ബാർസിലോണ ഒന്നാമത്

- Advertisement -

ക്യാംപ് നൂവിൽ അത്ഭുതവും അട്ടിമറിയൊന്നും സംഭവിച്ചില്ല, സ്പാനിഷ് ലീഗിൽ സ്പോർട്ടിങ് ഗിയോണിനെതിരെ ബാഴ്സലോണക്ക് 6-1 ന്റെ ആധികാരിക ജയം. റയൽ മാഡ്രിഡ് –  ലാസ് പാൽമാസ് മത്സരം സമനിലയിലായതോടെ  ബാഴ്സലോണ ലാ ലീഗയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു.  എം എസ് എൻ ത്രയം നിറഞ്ഞാടിയ മത്സരത്തിൽ മൂന്ന് പേരും ഗോൾ നേടി , റാകിറ്റിച് , അൽകാസർ എന്നിവരും ബാഴ്സക്കായി ലക്ഷ്യത്തിലെത്തി.

സമനില പോലും ആശ്വാസമാവുമായിരുന്നു സ്പോർട്ടിങ്ങിന് , പക്ഷെ ക്യാംപ് നൂവിൽ നിലവിലെ ഫോമിൽ ബാഴ്സക്കെതിരെ ഒരു സമനില പോലും നേടാനുള്ള ശേഷിയുണ്ടായിരുന്നില്ല സ്പോർട്ടിങ്ങിന്. 9 ആം മിനുട്ടിൽ തന്നെ മെസ്സി ബാഴ്സക്കായി വല കുലുക്കി, മഷെരാനോ നൽകിയ മികച്ചൊരു പാസ് തന്ത്രപരമായ ഹെഡ്ഡറിലൂടെ മെസ്സി സ്പോർട്ടിങിന്റെ വലയിലെത്തിച്ചു, പിന്നീട് 11 ആം മിനുട്ടിൽ യുവാൻ റോഡ്രിഗസിന്റെ സെൽഫ് ഗോളിലാണ് ബാഴ്സ രണ്ടാം ഗോൾ നേടിയത് , ലൂയിസ് സുവാരസ് ഗോളിലേക്ക് തിരിച്ചുവിട്ട പന്ത് ക്ലിയർ ചെയ്യുന്നതിൽ റോഡ്രിഗസിന് പിഴച്ചപ്പോൾ ബാഴ്സയുടെ ലീഡ് 2 ആയി ഉയർന്നു , പിന്നീട് 21 ആം മിനുട്ടിൽ കാർലോസ് ഗാർസിയയിലൂടെ സ്പോർട്ടിങ് ഒരു ഗോൾ മടക്കി നൽകി. പക്ഷെ ലൂയി സുവാരസിലൂടെ ബാഴ്സ മൂന്നാം ഗോളും നേടി , സ്പോർട്ടിങ് ബോക്സിൽ നിന്ന് ക്ലിയർ ചെയ്തു വന്ന പന്ത് മെയ് വഴകത്തോടെയുള്ള വോളി സ്പോർട്ടിങ് വലയിത്തിലെത്തിച്ചു .

രണ്ടാം പകുതിയിലും ശക്തമായ ആക്രമണം തുടർന്ന ബാഴ്സ 49 ആം മിനുട്ടിൽ സുവാരസിന് പകരക്കാരനായി ഇറങ്ങിയ അൽകാസറിലൂടെ നാലാം ഗോളും നേടി. 65 ആം മിനുട്ടിൽ ഒന്നാംതരമൊരു ഫ്രീകിക്കിലൂടെ നെയ്മറും സ്കോർ ഷീറ്റിൽ ഇടം പിടിച്ചു , 87 ആം മിനുട്ടിൽ അസാദ്യമെന്നു ആരും കരുതുന്ന ആങ്കിളിൽ നിന്ന് കിടിലൻ സ്‌കിലും ഷൂട്ടും നിറഞ്ഞൊരു കിടിലൻ ഗോൾ നേടി ഇവാൻ റാകിറ്റിച്ചും ബാഴ്സയുടെ ഗോൾ വേട്ട പൂർത്തിയാക്കി.

25 കളികളിൽ നിന്നി ബാഴ്സക്കിപ്പോ 57 പോയിന്റ് ഉണ്ട്. രണ്ടാം സ്ഥാനത്തുള്ള  റയൽ മാഡ്രിഡിന്  24 കളികളിൽ നിന്ന് 56 പോയിന്റാണ് ഉള്ളത്.

Advertisement