പ്രീ സീസൺ; അവസാന മത്സരത്തിൽ ബാഴ്‌സലോണ ന്യൂയോർക് റെഡ് ബുൾസിനെ നേരിടും

Nihal Basheer

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീ സീസൺ ഒരുക്കങ്ങളുടെ ഭാഗമായി അമേരിക്കയിൽ ഉള്ള എഫ്സി ബാഴ്‌സലോണ തങ്ങളുടെ അവസാന പരിശീലന മത്സരത്തിൽ ന്യൂയോർക് റെഡ് ബുൾസിനെ നേരിടും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ നാല് മുപ്പതിന് നടക്കുന്ന മത്സരത്തിന് എതിരാളികളുടെ തട്ടകമായ റെഡ് ബുൾസ് അറീന വേദിയാകും. ഇതോടെ അമേരിക്കൻ പര്യടനം പൂർത്തിയാക്കുന്ന ബാഴ്‌സലോണ അടുത്ത ദിവസങ്ങളിൽ സ്പെയിനിലേക്ക് തിരിക്കും.

മുൻപ് നടന്ന മൂന്ന് പരിശീലന മത്സരങ്ങളിലും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബാഴ്‌സ. പുതുതായി എത്തിയ എല്ലാ താരങ്ങൾക്കും ടീമുമായി പെട്ടെന്ന് ഇണങ്ങി ചേരാൻ കഴിഞ്ഞു. ലെവെന്റോവ്സ്കിക്ക് ഇതുവരെ ഗോൾ കണ്ടെത്താൻ കഴിഞ്ഞെങ്കിലും ടീമിനോടൊപ്പം മികച്ച മുന്നേറ്റങ്ങൾ കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ട്. പോളിഷ് സ്‌ട്രൈക്കറുടെ ആദ്യ ഗോളിന് വേണ്ടി തന്നെയാവും ടീമും ആരാധകരും കാത്തിരിക്കുന്നത്. യുവന്റസിനെതിരെ ടീമിൽ ഇല്ലാതിരുന്ന പെഡ്രിയും അരാഹുവോയും തിരിച്ചു വരും. മുന്നേറ്റ നിരയിൽ പുതിയ കൂട്ടുകെട്ട് സാവി പരീക്ഷിച്ചേക്കും.

അവസാന മത്സരത്തിൽ ഒർലാന്റോ സിറ്റിയോട് തോൽവി ഏറ്റുവാങ്ങിയാണ് ന്യൂയോർക് റെഡ് ബുൾസ് ബാഴ്‌സയെ നേരിടാൻ ഇറങ്ങുന്നത്. എംഎൽഎസ് ഈസ്റ്റെൺ കോണ്ഫറൻസിൽ മൂന്നാം സ്ഥാനത്താണ് ടീം. പരിശീലനം പൂർത്തിയാക്കി സ്പെയിനിലേക്ക് തിരിക്കുന്ന ബാഴ്‌സലോണ അടുത്തതായി ഓഗസ്റ്റ് ഏഴിന് നിശ്ചയിച്ച ജോവാൻ ഗാംമ്പർ ട്രോഫിക്ക് വേണ്ടി ഒരുങ്ങും.