നെയ്മറിന് ചുവപ്പ് കാർഡ് , കിരീടം കൈവിട്ട് ബാഴ്‌സ

തൊട്ടതെല്ലാം പിഴച്ച ദിവസത്തിൽ ബാഴ്‌സിലോണക്കു ഞെട്ടിക്കുന്ന തോൽവി.  നെയ്മർ ചുവപ്പു കാർഡ് കണ്ട മത്സരത്തിൽ മലാഗയാണ് ബാഴ്‌സയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. റയൽ അത്ലറ്റികോ മത്സരം സമനിലയിലായതോടെ മലാഗക്കെതിരെ ജയിച്ചു  ലാ ലീഗ കിരീടപ്പോരാട്ടത്തിൽ വ്യക്തമായ മുൻതൂക്കം നേടാനുള്ള അവസരമാണ് ബാഴ്‌സ കളഞ്ഞു കുളിച്ചത്.

ആദ്യ പകുതിയിൽ കിട്ടിയ അവസരങ്ങൾ ഗോളാക്കാനാവാതെ പോയത് ബാഴ്‌സക്കു തിരിച്ചടിയാവുകയായിരുന്നു. 15 ആം മിനുട്ടിൽ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ  സോറസിനു കിട്ടിയ തുറന്നവസരം  ഗോളാക്കാനായില്ല.  32ആം മിനുട്ടിലാണ് മത്സരം നിർണയിച്ച ഗോൾ വീണത്. ഓഫ് സൈഡ് കെണിയൊരുക്കി കാത്തിരുന്ന ബാഴ്‌സ പ്രതിരോധത്തെ സമർത്ഥമായി കബളിപ്പിച്ചാണ് മലാഗ ഗോൾ നേടിയത്.  ജെറെമി മാത്യുവിന്റെ ഓഫ്‌സൈഡ് കെണി സമർത്ഥമായി മറികടന്ന മുൻ ബാഴ്‌സിലോണ ബി ടീം താരം സാൻഡ്രോ റാമിറെസ് മലാഗക്കു ലീഡ് നൽകുകയായിരുന്നു.

രണ്ടാം പകുതിയിൽ ഇനിയെസ്റ്റയെയും സെർജിയോ റോബെർട്ടോയെയും ഇറക്കി ബാഴ്‌സ ആക്രമണം ശക്തമാക്കിയെങ്കിലും മലാഗ പ്രതിരോധം ഉറച്ചു നിന്നു. മത്സരം പുരോഗമിക്കും തോറും നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ബാഴ്‌സ 65 മിനുറ്റിൽ നെയ്മറിന്റെ ചുവപ്പ് കാർഡ് കിട്ടിയതോടെ കൂടുതൽ പ്രതിരോധത്തിലായി. മലാഗ പ്രധിരോധ താരത്തെ അനാവശ്യമായി ഫൗൾ ചെയ്തതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാർഡും ചുവപ്പ് കാർഡും കാണിക്കുകയായിരുന്നു.

71 മിനുട്ടിൽ മലാഗ ബാഴ്‌സ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. പക്ഷെ റീപ്ലേയിൽ ഓഫ് സൈഡ് അല്ല എന്ന് വ്യക്തമായിരുന്നു. അതെ സമയം 78ആം മിനുട്ടിൽ ബാഴ്‌സക്കു അനുകൂലമായ ഒരു പെനാൽറ്റി റഫറി നിഷേധിച്ചു. പെനാൽറ്റി ബോക്സിന്റെ ഉള്ളിൽനിന്ന് സെർജിയോ റോബെർട്ടോയെ ഫൗൾ ചെയ്തതെങ്കിലും റഫറി ബോക്സിനു പുറത്ത് നിന്ന് ഫൗൾ വിളിക്കുകയായിരുന്നു.

90ആം മിനുട്ടിൽ മികച്ചൊരു കൌണ്ടർ അറ്റാക്കിങ്ങിലൂടെ മലാഗ തങ്ങളുടെ രണ്ടാമത്തെ ഗോളും നേടി വിജയമുറപ്പിച്ചു. ജോണി റോഡ്രിഗസ് ആണ് മലാഗക്കു വേണ്ടി ഗോൾ നേടിയത്.

ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ ബാഴ്‌സക്കു നിർണായകമായി. ലാ ലീഗ്‌ പോയിന്റ് നിലയിൽ ഒരു മത്സരം കുറച്ചു കളിച്ച റയലിന് 3 പോയിന്റിന്റെ ലീഡ് ഉണ്ട്. 30 കളികളിൽ നിന്ന് 72 പോയിന്റാണ് റയൽ മാഡ്രിഡിന് ഉള്ളത്. അതെ സമയം 31 മത്സരങ്ങൾ കളിച്ച ബാഴ്‌സക്ക് 69 പോയിന്റാണ് ഉള്ളത് .

Previous articleമുംബൈയ്ക്ക് വീണ്ടും തിരിച്ചടി, രണ്ടാഴ്ചയോളം അമ്പാട്ടി റായിഡുവിന്റെ സേവനം ലഭ്യമാകില്ല
Next articleകേരള പ്രീമിയർ ലീഗിൽ ഇന്ന് കെ എസ് ഇ ബിയും എഫ് സി കേരളയും