ബാഴ്‌സലോണക്ക് സമനില കുരുക്ക്, കിരീട പ്രതീക്ഷ അകലുന്നു

Levante Messi Barcelona

ലാ ലീഗ കിരീട പോരാട്ടത്തിൽ വീണ്ടുമൊരു ട്വിസ്റ്റ്. കിരീട പോരാട്ടത്തിൽ നിലനിലനിൽക്കാൻ വിജയം അനിവാര്യമായിരുന്നു ബാഴ്‌സലോണ ഇന്ന് ലെവന്റെയോട് സമനില വഴങ്ങുകയായിരുന്നു. മത്സരത്തിൽ 3-3നാണ് ബാഴ്‌സലോണയെ ലെവന്റെ സമനിലയിൽ കുടുക്കിയത്. കിരീട പോരാട്ടത്തിൽ നിലനിലക്കാൻ വിജയം അനിവാര്യമായിരുന്നു ബാഴ്‌സലോണ തുടക്കത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാനം സമനിലയിൽ കുടുങ്ങുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 2-0ന് മുന്നിട്ട് നിന്നതിന് ശേഷമാണ് ബാഴ്‌സലോണ 3-3ന് സമനിലയിൽ കുടുങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ മെസ്സിയുടെ ഗോളിലാണ് ബാഴ്‌സലോണ മുൻപിലെത്തിയത്. തുടർന്ന് മെസ്സിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ പെഡ്രിയിലൂടെ ബാഴ്‌സലോണ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ലെവന്റെ ആദ്യം ഗോൺസാലോ മേലേറൊയിലൂടെ ആദ്യ ഗോൾ നേടുകയും തുടർന്ന് ലയണൽ മെസ്സിയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത്‌ മോറൽസ് ലെവന്റെക്ക് സമനില നേടികൊടുക്കുകയുമായിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ ഔസ്മാനെ ഡെമ്പലെയുടെ ഗോളിൽ ബാഴ്‌സലോണ വീണ്ടും ലീഡ് എടുത്തെങ്കിലും മത്സരം അവസാനിക്കാൻ 8 മിനിറ്റ് ബാക്കി നിൽക്കെ സെർജിയോ ലിയോൺ ലെവന്റെക്ക് സമനില ഗോൾ നേടികൊടുക്കുകയായിരുന്നു. നിലവിൽ 36 മത്സരങ്ങൾ കളിച്ച ബാഴ്‌സലോണ 76 പോയിന്റുമായി ലാ ലീഗയിൽ രണ്ടാം സ്ഥാനത്താണ്. ബാഴ്‌സലോണയെക്കാൾ ഒരു മത്സരം കുറച്ചുകളിച്ച അത്ലറ്റികോ മാഡ്രിഡ് 77 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 35 മത്സരങ്ങളിൽ നിന്നും 75 പോയിന്റുള്ള റയൽ മാഡ്രിഡ് ലാ ലിഗ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

Previous articleപ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം
Next article19 വർഷത്തെ ഇടവേളക്ക് ശേഷം ലീഗ് കിരീടം സ്വന്തമാക്കി സ്പോർട്ടിങ് ലിസ്ബൺ