ബാഴ്‌സലോണക്ക് ഞെട്ടിക്കുന്ന സമനില, ഗോൾ വരൾച്ച അവസാനിപ്പിച്ച് മെസ്സി

- Advertisement -

ദുർബലരായ സെൽറ്റ വിഗയോട് സമനില വഴങ്ങി ബാഴ്‌സലോണ. ക്യാമ്പ് ന്യൂവിൽ നടന്ന മത്സരത്തിൽ 2 -2നാണ് ബാഴ്‌സലോണ സമനിലയിൽ കുടുങ്ങിയത്. ഗോളോടെ മെസ്സി ഗോൾ വരൾച്ച അവസാനിച്ചപ്പോൾ ബാഴ്‌സലോണയുടെ രണ്ടമത്തെ ഗോൾ സുവാരസിന്റെ കാലിൽ നിന്നായിരുന്നു. മെസ്സി പുതിയ കരാറിൽ ഏർപെട്ടതിനു ശേഷമുള്ള ആദ്യ ഹോം മത്സരം കൂടിയായിരുന്നു ഇത്. സെൽറ്റക്ക് വേണ്ടി ആസ്പാസും മാക്സി ഗോമസും ഗോൾ നേടി.

കോപ്പ ഡെൽ റേ മത്സരത്തിൽ വിശ്രമം അനുവദിച്ച മെസ്സിയും സുവാരസും അടക്കം പ്രമുഖരെ അണിനിരത്തിയാണ് ബാഴ്‌സലോണ മത്സരത്തിറങ്ങിയത്. വലൻസിയക്കെതിരെ സസ്പെൻഷനിലായിരുന്ന പികെയും ടീമിൽ മടങ്ങിയെത്തി. പക്ഷെ ദുർബലരായ സെൽറ്റവിഗക്കെതിരെ ബാഴ്‌സലോണയുടെ തുടക്കം എളുപ്പമായിരുന്നില്ല. ബാഴ്‌സലോണയെ ഞെട്ടിച്ചു കൊണ്ട് ആസ്‌പാസ്‌ സെൽറ്റക്ക് ലീഡ് നേടികൊടുക്കുയായിരുന്നു. എന്നാൽ അടുത്ത മിനുറ്റിൽ തന്നെ മെസ്സി ഗോൾ മടക്കി ബാഴ്‌സലോണയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. തുടർന്ന് മത്സരത്തിൽ വ്യക്തമായ ആധിപത്യം ബാഴ്‌സ പുലർത്തിയെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല.

തുടർന്ന് രണ്ടാം പകുതിയിലാണ് സുവാരസിലൂടെ ബാഴ്‌സലോണ മത്സരത്തിൽ ലീഡ് നേടിയത്. മെസ്സിയും ആൽബയും ചേർന്ന് നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിൽ സുവാരസ് ഗോളാക്കുകയായിരുന്നു.  മെസ്സിക്കും സുവാരസിനും ബാഴ്‌സലോണയുടെ ലീഡ് ഉയർത്താനുള്ള അവസരം ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാനായില്ല. തുടർന്നാണ് സമനില പിടിച്ച സെൽറ്റയുടെ ഗോൾ വന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ആസ്പാസിന്റെ പാസിൽ നിന്ന് മാക്സി ഗോമസാണ്‌ സെൽറ്റയുടെ സമനില ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കെ പികെയുടെ ശ്രമം പോസ്റ്റിൽ തട്ടി പുറത്ത് പോയതും ബാഴ്‌സലോണക്ക് തിരിച്ചടിയായി.

വലൻസിയക്കെതിരായ മത്സരത്തിൽ ഗോൾ നിഷേധിക്കപ്പെട്ട് സമനിലയിൽ കുടുങ്ങിയ ബാഴ്‌സലോണ  സെൽറ്റക്കെതിരെയും വിലപ്പെട്ട രണ്ട് പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് അത്ലറ്റികോ ബിൽബാവോയെ നേരിടുന്ന റയൽ മാഡ്രിഡിന് കൂടുതൽ സമ്മർദ്ദം നൽകാനുള്ള അവസരം ഇതോടെ ബാഴ്‌സലോണക്ക് നഷ്ടമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement