20231009 023855

ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വരവ്; ഗ്രനാഡക്കെതിരെയും സമനിലയിൽ കുരുങ്ങി ബാഴ്‌സലോണ

ലാ ലീഗയിൽ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി ബാഴ്‌സലോണ. സീസണിലെ മൂന്നാം സമനില വഴങ്ങിയ ടീം, ഇന്ന് ഗ്രനാഡയുമായി രണ്ടു ഗോളുകൾ വീതമടിച്ചു പിരിയുകയായിരുന്നു. ലമീൻ യമാൽ, സെർജി റോബർട്ടോ എന്നിവർ ബാഴ്‌സക്കായി ഗോൾ കണ്ടെത്തി. ഗ്രനാഡയുടെ ഗോളുകൾ ബ്രയാൻ സരഗോസയാണ് കുറിച്ചത്. ഇതോടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഒന്നാമതുള്ള റയലിനേക്കാൾ മൂന്ന് പോയിന്റ് പിറകിലാണ്.

നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിൽ ആയതോടെ മുന്നേറ്റത്തിൽ ഫെറാ ടോറസിനെയും മധ്യനിരയിൽ ഫെർമിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. മത്സരം ഇരുപത് സെക്കൻഡ് പിന്നിടിമ്പോഴേക്കും ബാഴ്‌സ വലയിൽ ഗ്രാനഡ പന്തെത്തിച്ചിരുന്നു. ടച്ച് എടുത്ത ബാഴ്‌സയിൽ നിന്നും റാഞ്ചിയെടുത്ത ബോൾ ബോയെ ഓടിക്കയറിയ ബ്രയാൻ സരഗോസക്ക് കൈമാറിയപ്പോൾ താരം ബോക്സിലേക്ക് കയറി തൊടുത്ത ഷോട്ട് റ്റെർ സ്റ്റഗനും തടുക്കാൻ ആയില്ല. പിന്നീട് ഗ്രനാഡ ഡിഫെൻസിലേക്ക് വലിഞ്ഞു. മത്സരം പൂർണമായും അവരുടെ പകുതിയിലേക്ക് ചുരുങ്ങി. ഫെറാൻ ടോറസിന്റെയും ഫെലിക്സിന്റെയും ശ്രമങ്ങൾ തടുത്ത കീപ്പർ ആന്ദ്രേ ഫെരെര, ഡ്രബ്ബിൽ ചെയ്തു കയറി ഗവി തൊടുത്ത ഷോട്ടും തട്ടിയകറ്റി. ബാൾടെ പോസ്റ്റിന് മുന്നിലേക്കായി നൽകിയ ക്രോസിലേക്ക് ഫെറാൻ ടോറസിന് എത്താൻ സാധിച്ചില്ല. ബാഴ്‌സ അവസരങ്ങൾ തുറക്കുന്നതിനിടെ ഗ്രാനഡ വീണ്ടും ഞെട്ടിച്ചു. കൗണ്ടർ നീക്കത്തിൽ ഗുമ്പാവു നൽകിയ മികച്ചൊരു ത്രൂ പാസ് പിടിച്ചെടുത്തു കുതിച്ച ബ്രയാൻ, ഒപ്പം ഓടിയെത്തിയ കുണ്ടേയെ മറികടന്ന ശേഷം അനായാസം വല കുലുക്കി. ജാവോ ഫെലിക്സിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പരിക്കേറ്റ് ജൂൾസ് കുണ്ടേ തിരിച്ചു കയറിയത് ബാഴ്‌സക്ക് വീണ്ടും തിരിച്ചടി ആയി. എന്നാൽ ഇഞ്ചുറി സമയത്ത് ഒരു ഗോൾ തിരിച്ചടിക്കാൻ സാധിച്ചത് ബാഴ്‌സക്ക് ആശ്വാസം നൽകി. ബോക്സിനുള്ളിൽ ജാവോ ഫെലിക്സിന്റെ ഗോൾ ശ്രമം ഗ്രാനഡ താരങ്ങളിൽ തട്ടി ലമീൻ യമാലിന്റെ കാലുകളിൽ എത്തിയപ്പോൾ താരം അനായാസം പന്ത് വലയിൽ എത്തിച്ചു. ഇതോടെ ലാ ലീഗയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ ആയി മാറാനും ലമീന് സാധിച്ചു.

രണ്ടാം പകുതിയിൽ ബാഴ്‌സലോണ കൂടുതൽ ആധിപത്യം പുലർത്തി. കോർണറിൽ നിന്നെത്തിയ ബോളിൽ ഫെർമിന്റെ ഷോട്ട് കീപ്പർ തടുത്തു. 58ആം മിനിറ്റിൽ ഗ്രാനഡ വീണ്ടും ഗോളിന് അടുത്തെത്തി. ബോയെയുടെ ദേഹത്ത് തട്ടിയ പന്ത് പോസ്റ്റിനെ തൊട്ടിരുമി കടന്നു പോയി. ഗുണ്ടോഗന്റെ ഷോട്ട് കീപ്പർ തടുത്തു. ഫെറാൻ നൽകിയ അവസരത്തിൽ അരോഹോയുടെ ഷോട്ട് പൊസിറ്റിന് ഇഞ്ചുകൾ മാത്രം അകന്ന് പോയി . ഗവിയുടെ ദുർബലമായ ഷോട്ട് കീപ്പർ കൈകളിൽ ഒതുക്കി. 85ആം മിനിറ്റിൽ ബാൾടെയുടെ പാസിൽ നിന്നും സെർജി റോബർട്ടോ സമനില ഗോൾ നേടി. താരത്തിന്റെ ഷോട്ട് കീപ്പർ തടുത്തെങ്കിലും വലയിലേക്ക് തന്നെ പതിച്ചു. പിറകെ ബ്രയാൻ മറ്റൊരു സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി. ജാവോ കാൻസലോയുടെ ക്രോസിൽ നിന്നും ജാവോ ഫെലിക്‌സ് വല കുലുക്കി എങ്കിലും നീക്കത്തിനിടയിൽ ഫെറാൻ ടോറസ് ഓഫ് ആയതായി റഫറി വിധിച്ചു. ഇതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

Exit mobile version