
ല ലീഗയിലെ മികച്ച ഫോം തുടർന്ന് ബാഴ്സലോണ. ലെഗാനസിനെതിരെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്സ ജയം കണ്ടത്. ബാഴ്സക്കായി സുവാരസ് രണ്ടു ഗോളുകൾ നേടിയപ്പോൾ പൗളീഞ്ഞോ മൂന്നാമത്തെ ഗോൾ നേടി.
ലീഗിൽ ഒൻപതാം സ്ഥാനക്കാരായ ലെഗാനസിനെതിരെ ബാഴ്സക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ പകുതിയിൽ ഭൂരിപക്ഷം സമയവും പന്ത് കൈവശം വച്ചെങ്കിലും ബാഴ്സയെക്കാൾ ഷോട്ടുകൾ പായിച്ചത് എതിരാളികളായിരുന്നു. എന്നാൽ ലഭിച്ച ഏക അവസരം മുതലെടുത്ത് ബാഴ്സ ലീഡ് നേടുകയായിരുന്നു. 28 ആം മിനുട്ടിൽ ലൂയിസ് സുവാരസാണ് ബാഴ്സയെ മുന്നിൽ എത്തിച്ചത്. ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന സുവാരസിന് ആശ്വാസമാവുന്ന ഗോളായിരുന്നു അത്. പക്ഷെ ലീഡ് നേടിയ ശേഷവും എതിരാളികൾക്ക് കാര്യമായ വെല്ലുവിളി നൽകാൻ ബാഴ്സക്കായില്ല.
രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയതെങ്കിലും 59 ആം മിനുട്ടിൽ പരിക്കേറ്റ നെൽസൻ സെമെഡോക്ക് പകരം അലേയ്ക്സ് വിദാൽ ഇറങ്ങി. ഇതേ സമയം തന്നെ ഇനിയെസ്റ്റയെ പിൻവലിച്ച വാൽവർടെ പൗളീഞ്ഞോയെയും ഇറക്കി. ഏറെ വൈകാതെ 60 ആം മിനുട്ടിൽ ബാഴ്സ ലീഡ് രണ്ടാക്കി. ഇത്തവണയും സുവാരസിന്റെ ബൂട്ടിൽ നിന്നാണ് ഗോൾ പിറന്നത്. പിന്നീടും ലെഗാനസ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവർക്ക് ബാഴ്സയുടെ പ്രധിരോധം മറികടക്കാൻ ആയില്ല. 90 ആം മിനുട്ടിൽ പൗളീഞ്ഞോയും ഗോൾ നേടിയതോടെ ബാഴ്സ ജയം ഉറപ്പിച്ചു. ജയത്തോടെ 34 പോയിന്റുള്ള ബാഴ്സ ഒന്നാം സ്ഥാനത് തന്നെ തുടരും. രണ്ടാമതുള്ള വലന്സിയയേക്കാൾ 7 പോയിന്റ് മുന്നിലാണ് ബാഴ്സ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial