ബാഴ്‌സയും നെയ്മറും വീണ്ടും കോടതിയിലേക്ക്

ബാഴ്‌സലോണയിൽ നിന്നും PSG യിൽ എത്തിയിട്ട് ആഴ്ചകൾ ആയെങ്കിലും അടുത്തതൊന്നും വാർത്തകളിൽ നിന്നും വിട്ടൊഴിയാൻ നെയ്മറും ബാഴ്‌സയും തയ്യാറല്ല. നെയ്മറിന് നൽകാനുള്ള ബോണസ് തുകയുമായി ബന്ധപ്പെട്ടാണ് ബാഴ്‌സയും നെയ്മറും വീണ്ടും കോടതി കയറുക. 2016 ൽ പുതുക്കിയ കരാർ അനുസരിച്ചുള്ള ബോണസ് തുക നെയ്മറിന് നൽകാൻ കാറ്റലൻ ക്ലബ്ബ് തയ്യാറാകാത്തതാണ് വീണ്ടും കോടതി കയറാൻ നെയ്‍മറിനെയും ബാഴ്സയെയും നിർബന്ധിതരാക്കിയത്. നെയ്മറും ക്ലബ്ബും തമ്മിലുള്ള ആദ്യ കേസ് സെറ്റിൽ ആയിരുന്നു. പക്ഷെ സ്പാനിഷ് കോടതിയിൽ ബ്രസീലിയൻ ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പായ DIS നൽകിയ കേസ് ഇപ്പോഴും തുടരുകയാണ്. സാന്റോസിൽ നിന്നും ബാഴ്‌സയിലേക്കെത്തിയ നെയ്മർ DIS നു ലഭിക്കാനുള്ള തുകയിൽ കൃത്രിമം കാണിച്ച് എന്നതാണ് കേസ്. ബാഴ്‌സയും സാന്റോസും നെയ്മറും നെയ്മർ സീനിയറും കേസിൽ കക്ഷികളാണ്. 

ബാഴ്‌സയിൽ നിന്നും നെയ്മർ പാരീസിലേക്ക് പോയതിനാൽ നെയ്മറിന് നൽകാനുള്ള ബോണസ് തുക കൊടുക്കേണ്ട എന്ന് തന്നെയാണ് ബാഴ്‌സലോണയുടെ തീരുമാനം. നെയ്മറിനെ പ്രതിനിധാനം ചെയ്യുന്ന നെയ്മർ സീനിയറുമായുണ്ടാക്കിയ കരാറനുസരിച്ച് 26 മില്യൺ യൂറോ ബോണസായി നൽകേണ്ടെന്നും നഷ്ടപരിഹാരമായി 8 മില്യൺ യൂറോ ആവശ്യപ്പെടാനും തീരുമാനം ആയിട്ടുണ്ട്. ഫിഫയുടെ മുന്നിൽ ഈ വിഷയമെത്തുകയും ഉടൻ നടപടികൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കോടതിയിൽ ഇരു കക്ഷികളും ചൊവ്വാഴ്‌ച ഹാജരാകേണ്ടി വരും. നെയ്മർ ക്ലബ്ബ് വിട്ടിട്ടും ആറു മത്സരങ്ങളും ജയിച്ച് 18 പോയിന്റുമായി ലാലിഗയിൽ ഒന്നാമതാണ് ബാഴ്‌സ. അതെ സമയം ലീഗ് വണ്ണിലും ചാമ്പ്യൻസ് ലീഗിലും തകർപ്പൻ പ്രകടനം കാഴ്ച വെക്കുകയാണ് നെയ്മറും PSG യും .

Previous articleമുംബൈയിൽ ശുചീകരണവുമായി ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ മാതൃകയായി
Next articleമുന്നില്‍ നിന്ന് നയിച്ച് നായകന്‍, ശ്രീലങ്കയ്ക്ക് മികച്ച ആദ്യ ഇന്നിംഗ്സ് സ്കോര്‍