സമനിലയിൽ പിരിഞ്ഞ് ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും, റയലിന് കിരീട പ്രതീക്ഷ

Img 20210508 212943

ലാലിഗ കിരീട പോരാട്ടത്തിലെ ഏറ്റവും നിർണായക മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡും രണ്ടാം സ്ഥാനക്കാരായ ബാഴ്സലോണയും സമനിലയിൽ പിരിഞ്ഞു‌. ആവേശകരമായ മത്സരം ആണ് ആരാധകർ പ്രതീക്ഷിച്ചത് എങ്കിലും വിരസമായ ഗോൾ രഹിത സമനില ആണ് ഇന്ന് ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടിൽ പിറന്നത്.

ഇരു ടീമുകളും ഇന്ന് വളരെ കരുതലോടെയാണ് മത്സരത്തെ സമീപിച്ചത്. പരാജയം ഇരു ടീമുകളുടെയും ലീഗ് പ്രതീക്ഷ ഇല്ലാതാക്കും എന്നത് കൊണ്ട് തന്നെ രണ്ടു ടീമുകളും ഡിഫൻസിലാണ് ഇന്ന് ഊന്നിയത്. ആദ്യ പകുതിയിൽ അവസരങ്ങൾ വിരളമായിരുന്നു. മെസ്സിയുടെ ഒരു ഒറ്റയ്ക്കുള്ള കുതിപ്പായിരുന്നു ബാഴ്സലോണയുടെ ഏറ്റവും മികച്ച അവസരം. അത് സമർത്ഥമായി ഒബ്ലക് തടഞ്ഞു.

സുവാരസിനെ മുന്നിൽ നിർത്തി കളിച്ച അത്ലറ്റിക്കോയ്ക്കും അധികം അവസരങ്ങൾ സൃഷ്ടിക്കാനായില്ല. അവസരങ്ങൾ സൃഷ്ടിച്ചപ്പോഴൊക്കെ മറുവശത്ത് ടെർ സ്റ്റേഗനും നല്ല സേവുകളുമായി മതിലായി നിന്നു. 69ആം മിനുട്ടിൽ അറോഹോയിലൂടെ ബാഴ്സലോണ വലകുലുക്കി എങ്കിലും ലൈൻ റഫറി ഓഫ് സൈഡ് വിളിച്ചു. അറ്റാക്ക് ശക്തമാക്കാൻ അത്ലറ്റിക്കോ മാഡ്രിഡ് ജോ ഫെലിക്സിനെയും ബാഴ്സലോണ ഡെംബലയെയും ഇറക്കി എങ്കിലും കാര്യം ഒന്നുമുണ്ടായില്ല. 90ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് മെസ്സി എടുത്തത് ഗോൾ പോസ്റ്റിന് ഉരുമ്മി പുറത്ത് പോയതോടെ സമനിലയിൽ കളി അവസാനിച്ചു.

ഈ സമനില ഇരുടീമുകൾക്കും തിരിച്ചടി ആണ്. അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് സെവിയ്യയെ തോൽപ്പിച്ചാൽ റയൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തും. ഇപ്പോൾ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും 75 പോയിന്റുമായി ബാഴ്സലോണ രണ്ടാമതും ആണ്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡിന് 74 പോയിന്റാണ് ഉള്ളത്. ഇനി റയലിന് നാലു മത്സരങ്ങളും ബാഴ്സക്കും അത്ലറ്റിക്കോ മാഡ്രിഡിനും മൂന്ന് മത്സരങ്ങളുമാണ് ലീഗിൽ ബാക്കിയുള്ളത്.

Previous articleസിംബാബ്‍വേയ്ക്ക് തകര്‍ച്ച, നാല് വിക്കറ്റ് നഷ്ടം
Next articleക്വാറന്റീനില്‍ ഇളവ് നേടുവാനാകുമെന്ന വിശ്വാസത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്