
ഇനി ഒരു മത്സരം കൂടെ മതി ബാഴ്സലോണയ്ക്ക് ലാലിഗയിൽ ഒരു പുതിയ ചരിത്രം കുറിക്കാൻ. പരാജയമറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡ്. ഇന്നലെ ലെഗനെസിനെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയതോടെ ബാഴ്സലോണയുടെ ലാലിഗയിലെ അപരാജിത കുതിപ്പ് 38 മത്സരങ്ങളായി. ലാലിഗയിൽ റയൽ സോസിഡാഡ് 1979-80 സീസണുകളിൽ കുറിച്ച റെക്കോർഡിനൊപ്പമാണ് ബാഴ്സ ഇപ്പോൾ എത്തിയിരിക്കുന്നത്. ഒരു മത്സരം കൂടെ അപരാജിതരായി ബാഴ്സ തുടർന്നാൽ അത് ലാലിഗയിലെ പുതിയ റെക്കോർഡാകും.
ഈ സീസണിൽ 31 മത്സരങ്ങളിലും കഴിഞ്ഞ സീസൺ അവസാനം ഏഴു മത്സരങ്ങളിലും ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല. കഴിഞ്ഞ ഏപ്രിൽ ആദ്യ വാരം മലാഗയോടേറ്റ പരാജയമാണ് ബാഴ്സയുടെ അവസാനത്തെ തോൽവി. പിന്നീടിങ്ങോട്ട് നടന്ന 38 മത്സരങ്ങളിൽ 31 എണ്ണം വിജയിക്കുകയും ഏഴെണ്ണം സമനിലയാവുകയുമായിരുന്നു. വലൻസിയയുമായാണ് ബാഴ്സലോണയുടെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial