ഒപ്പമെത്താൻ ബാർസ..

- Advertisement -

ലാ ലീഗയിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സക്ക് ഇന്ന് നിർണായക പോരാട്ടം. കിരീട പോരാട്ടത്തിൽ റയലിനൊപ്പമെത്താൻ ശ്രമിക്കുന്ന ബാഴ്സക്ക് പുറത്താക്കൽ ഭീഷണിയിലുള്ള സ്പോർട്ടിങ് ഗിജോൺ ആണ് എതിരാളികൾ.

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ ഏകദേശം അസ്ഥാനത്തായ കാത്തലൻ ഭീമന്മാർക്ക് അതുകൊണ്ട് തന്നെ ലാ ലീഗ കിരീടം നേടുക എന്നത് അനിവാര്യതയായിരിക്കുകയാണ്, പക്ഷെ ഒരു പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് മികച്ച ഫോമിൽ ഒന്നാം സ്ഥാനത്താണ്. മാത്രമല്ല റയൽ ഒരു മത്സരം കുറച്ചാണ് കളിച്ചത്. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ബാഴ്സക്ക് ചിന്തിക്കാനാവില്ല , കിരീട പോരാട്ടത്തിൽ പിടിമുറുക്കി റായലിനെ സമ്മർദ്ദത്തിലാക്കാൻ അവർക്കത് അനിവാര്യമാണ്.

സീസൺ ആദ്യ പകുതിയിൽ ഇതേ എതിരാളികളെ അവരുടെ മൈതാനത്ത് 5-0 ത്തിനാണ് ബാഴ്സ തകർത്തത്, സീസണിലെ 24 മത്സരങ്ങളിൽ 4 എണ്ണത്തിൽ മാത്രമാണ് ബാഴ്സയുടെ ഇന്നത്തെ എതിരാളികൾക്ക് ജയിക്കാനായിട്ടുള്ളത്, ക്യാമ്പ് നൂവിൽ ഒരു സമനില നേടാൻ സാധിച്ചാൽ തന്നെ അവർക്കത് വലിയ നേട്ടമാവും. ശക്തമായ ബാഴ്സ ആക്രമണത്തെ ചെറുക്കാൻ മാത്രമുള്ള പ്രതിരോധ ശക്തി സ്പോർട്ടിങ്ങിന് ഇല്ല,അതുകൊണ്ട് ഇന്ന് ക്യാമ്പ് നൂവിൽ ഒരു ഗോൾ വിരുന്ന് തന്നെ പ്രതീക്ഷിക്കാം.

ബാഴ്സ നിരയിൽ പരിക്കേറ്റ്‌ പുറത്തായിരുന്നു മഷെരാനോ , ആർദ തുറാൻ എന്നിവർ മാച്ച് ഡേ സ്‌ക്വാഡിൽ ഇടം പിടിച്ചേക്കും , എങ്കിലും ഇരുവരും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല.

Advertisement