Picsart 22 10 01 01 22 22 728

പരിക്കിന്റെ കളികൾക്കിടെ ബാഴ്സലോണ വീണ്ടും കളത്തിലേക്ക്

അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇടവേള സമ്മാനിച്ച പരിക്കുകളുടെ ആധിയുമായി ബാഴ്സലോണ ഒക്ടോബറിലെ തിരക്കേറിയ മത്സരക്രമത്തിലേക്ക് കടക്കുന്നു. ലാ ലീഗയിലെ അടുത്ത മത്സരത്തിൽ മയ്യോർക്ക ആണ് ബാഴ്‌സയുടെ എതിരാളികൾ. മത്സരം കടുത്തതാകുമെന്ന് സാവി വിലയിരുത്തി. എതിരാളികളുടെ പ്രതിരോധം മികച്ചതാണെന്നും മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിൽ സാവി ചൂണ്ടിക്കാണിച്ചു.

പ്രമുഖ താരങ്ങളുടെ പരിക്ക് ആണ് ബാഴ്‌സയെ അലട്ടുന്നത്. പ്രതിരോധ താരങ്ങളായ അറോഹോ, കുണ്ടേ, ബെല്ലരിൻ എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഇതിൽ ബെല്ലാരിൻ മാത്രമാണ് അടുത്തു തന്നെ തിരിച്ചെത്തും എന്നുറപ്പുള്ളത്. ഇതിന് പുറമെ മെംഫിസ് ഡീപെക്കും തൽക്കാലം കളത്തിൽ ഇറങ്ങാൻ ആവില്ല. ഫ്രാങ്കി ഡിയോങ്ങിനും പരിക്കിന്റെ ആശങ്ക ഉള്ളതിനാൽ മത്സരത്തിൽ വിശ്രമം അനുവദിക്കാൻ ആണ് സാധ്യത.

ഫ്രാങ്ക് കെസി മധ്യനിരയിലേക്ക് തിരിച്ചെത്തും. പ്രതിരോധത്തിൽ വീണും പിക്വേയെ തന്നെ സാവിക്ക് ആശ്രയിക്കേണ്ടി വന്നേക്കും. റൈറ്റ് ബാക്ക് സ്ഥാനത്ത് താരങ്ങൾ ഇല്ലാത്തതിനാൽ എറിക് ഗർഷ്യയെ പരീക്ഷിക്കാൻ ആണ് സാധ്യത. മുൻ നിരയിൽ ഡെമ്പലെ പൂർണ ആരോഗ്യവാൻ ആണെന്ന് സാവി അറിയിച്ചെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ ആൻസു ഫാറ്റി ആദ്യ ഇലവനിലേക്ക് എത്തും. ഫോം തുടരുന്ന ലെവെന്റോവ്സ്കി, ബ്രസീലിന് വേണ്ടി ഗോളടിച്ചു കൊണ്ടിരിക്കുന്ന റാഫിഞ്ഞ എന്നിവരുടെ സാന്നിധ്യം ടീമിന് ആശ്വാസമാകും.

നിർണായകമായ ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളും എൽ ക്ലാസിക്കോയും എല്ലാം നിറഞ്ഞ ഒക്ടോബർ മാസം മുന്നിൽ കണ്ടു തന്നെയാകും സാവി മത്സരത്തിന് ടീം ഒരുക്കുക. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള മയ്യോർക്ക് ബാഴ്‌സക്ക് കനത്ത ഭീഷണി ഉയർത്തുമെന്ന് ഉറപ്പാണ്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ട് മുപ്പതിനാണ് മത്സരത്തിന് പന്തുരണ്ടു തുടങ്ങുക.

Exit mobile version