ബാഴ്സലോണക്ക് ഇത് 25 വർഷത്തെ ഏറ്റവും മോശം തുടക്കം

ബാഴ്സലോണയ്ക്ക് ഈ സീസൺ അവരുടെ താളത്തിലേക്ക് എത്തിക്കാൻ ഇനിയും ആയിട്ടില്ല. ഇന്നലെ ഗ്രാനഡയോട് കൂടെ പരാജയപ്പെട്ടതോടെ പരിശീലകൻ വാല്വെർഡെയുടെ ഭാവി വരെ ഭീഷണിയിൽ ആയിരിക്കുകയാണ്. ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഗ്രാനഡയോട് പരാജയപ്പെട്ടതോടെ ബാഴ്സലോണയുടെ അവസാന 25 വർഷത്തിലെ ഏറ്റവും മോശം തുടക്കമായി ഈ സീസൺ മാറി. ലീഗിൽ ആദ്യ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴു പോയന്റാണ് ബാഴ്സക്ക് ഉള്ളത്.

1994-95 സീസണിൽ ആയിരുന്നു അവസാനമായി ബാഴ്സലോണ ആദ്യ അഞ്ചു മത്സരങ്ങളിൽ ഇത്ര കുറവ് പോയന്റ് നേടിയത്. അന്നും ആദ്യ അഞ്ചു മത്സരങ്ങളിൽ രണ്ട് തോൽവിയും രണ്ട് വിജയവും ഒരു സമനിലയുമായിരുന്നു ബാഴ്സലോണയുടെ സമ്പാദ്യം. ആ സീസണിൽ തന്നെയാണ് ബാഴ്സലോണ സീസണിൽ ആദ്യ മൂന്ന് എവേ മത്സരങ്ങളും വിജയിക്കാൻ ആവാതെ അവസാനം ഇതുപോലെ കഷ്ടപ്പെട്ടതും. ഗ്രാനഡയോട് ഒന്നിൽ കൂടുതൽ ഗോളിന് ബാഴ്സലോണ പരാജയപ്പെടുന്നതും വർഷങ്ങൾക്ക് ശേഷമാണ്. 1944ൽ ആയിരുന്നു ഇതുപോലെ ഒന്ന് അവസാനം സംഭവിച്ചത്.

അവസാന നാലു ലാലിഗ മത്സരങ്ങളിലും ഒന്നിൽ കൂടുതൽ ഗോളുകൾ വഴങ്ങിയ ബാഴ്സലോണ ഇപ്പോൾ ലീഗിലെ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീമുമാണ്. 9 ഗോളുകൾ ഈ അഞ്ചു മത്സരങ്ങളിൽ നിന്നായി ബാഴ്സലോണ വഴങ്ങിയിട്ടുണ്ട്. മെസ്സി, ഗ്രീസ്മൻ, സുവാരസ് എന്നിവരൊക്കെ അണിനിരന്നിട്ടും ഇന്നലെ ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് തൊടുക്കാൻ ആയുള്ളൂ എന്നതും ബാഴ്സക്ക് തലവേദനയാണ്.

വാല്വെർദെയുടെ ടീം തിരഞ്ഞെടുപ്പും ടാക്ടിക്സുമാണ് ഇതിനൊക്കെ കാരണം എന്നാണ് ബാഴ്സ ആരാധകർ പറയുന്നത്. ഗ്രീസ്മെനെ വിങ്ങിൽ കളിപ്പിച്ച് അദ്ദേഹത്തിന്റെ മികവ് ഉപയോഗിക്കാൻ ആവാതെ ഇരിക്കുകയാണ് ബാഴ്സലോണ. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കണ്ടെത്തിയില്ല എങ്കിൽ ലാലിഗയിൽ സ്ഥാനം തെറിക്കുന്ന അടുത്ത കോച്ചായി വാല്വെർദെ മാറിയേക്കും.

Previous articleറയൽ മാഡ്രിഡ് പറയുന്നത് കാര്യമാക്കണ്ട, പോഗ്ബ യുണൈറ്റഡിൽ തന്നെ തുടരും
Next articleസീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, തമിഴ്നാടിനെ വീഴ്ത്ത് മണിപ്പൂർ ഫൈനലിൽ