ബാഴ്സക്ക് സെവിയ്യ കടമ്പ, കിരീടത്തിലേക്കടുക്കാൻ റയൽ

ലാ ലീഗയിൽ കിരീടം നിർണ്ണയിക്കാവുന്ന പോരാട്ടങ്ങളാണ് വരാനിരിക്കുന്നത്. അടുത്ത ശനിയാഴ്ച്ച മാഡ്രിഡ് ഡർബി റയലിന് ഭീക്ഷണിയാവുമ്പോൾ ഇന്ന് നടക്കുന്ന മത്സരത്തിൽ സെവിയ്യയാവും ബാഴ്സക്ക് വെല്ലുവിളി ഉയർത്തുക. ലീഗിൽ റയലിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച് 2 പോയിന്റ് പിറകിൽ നിൽക്കുന്ന ബാഴ്സക്ക് ഇനിയുള്ള മത്സരങ്ങളിൽ സമനില വഴങ്ങുന്നത് പോലും പ്രശ്നങ്ങളുണ്ടാക്കും.

ഇന്ന് രാത്രി ഇന്ത്യൻ സമയം 11 നാണ് ബാഴ്സ സെവിയ്യ പോരാട്ടം. ലീഗിൽ മെസ്സിയുടെ അഭാവത്തിലും ഗ്രനാഡക്കെതിരെ വലിയ ജയം കണ്ട ആത്മവിശ്വാസവുമായാവും ബാഴ്സ ഇറങ്ങുക. മികച്ച ഫോമിലാണ് ബാഴ്സ മുന്നേറ്റം, റാഫിനോയുടെ പരിക്ക് അലട്ടുന്നെങ്കിലും നെയ്മർ, സുവാരസ് എന്നിവർ ഫോമിലെത്തിയിട്ടുണ്ട്. ഒപ്പം മെസ്സി കൂടി ചേരുമ്പോൾ ബാഴ്സ പൂർണ്ണമാകും. എങ്കിലും പ്രതിരോധത്തിലെ സ്ഥിരതയില്ലായ്മയാവും അവരെ വലക്കുക. മഷരാനോ, ഉമിറ്റി, പിക്വെ ഇങ്ങനെ 3 പ്രതിരോധിക്കാരെ കളത്തിലിറക്കാനാവും എൻറിക്വെ ശ്രമിക്കുക. കിരീടപോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞ ഒന്നും സഹായകമാവില്ലെന്ന് ബാഴ്സക്ക് നന്നായറിയാം.

മറുവശത്ത് മികച്ച തുടക്കത്തിന് ശേഷം അടിപതറിയ സെവിയ്യ ഫോമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ അവർ കഴിഞ്ഞ 4 ലീഗ് മത്സരങ്ങളിൽ ജയമറിഞ്ഞിട്ടില്ല. എങ്കിലും സമീർ നസ്രിയും, ജോവറ്റിച്ചും അടങ്ങിയ സെവിയ്യ മുന്നേറ്റം അട്ടിമറിക്ക് പ്രാപ്തരാണ്. എങ്കിലും ആദിൽ റമിയും സംഘവും എങ്ങനെ ബാഴ്സ മുന്നേറ്റത്തെ നേരിടുമെന്നതനുസരിച്ചാവും മത്സരഫലം. അടുത്ത സീസണിൽ ബാഴ്സ പരിശീലകനാകാൻ മുന്നിരയിലുള്ള സാമ്പോളിയെ സംബന്ധിച്ചും മത്സരം നിർണ്ണായകമാണ്. ലീഗിൽ ഇപ്പോൾ നാലാമതുള്ള സെവിയ്യ ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെയാവും ലക്ഷ്യമിടുക.

ലീഗിൽ തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ലെഗാനെസാണ് റയലിന്റെ എതിരാളികൾ. കഴിഞ്ഞ നാലു മത്സരങ്ങളിൽ പരാജയമറിയാത്ത അവർ പക്ഷെ റയലിന് ഭീക്ഷണിയാവാൻ സാധ്യത കുറവാണ്. ഫോമിലെത്തിയ റൊണാൾഡോ, ഇസ്കോ എന്നിവരിലാണ് റയൽ പ്രതീക്ഷകൾ. ഒപ്പം ബെയിൽ, ക്രൂസ് എന്നിവരുടെ സാന്നിധ്യവും റയലിനെ അപകടകാരികളാകുന്നു. നാളെ പുലർച്ചെ 1 നാണ് ഈ മത്സരം. ജയത്തോടെ ലീഗിൽ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഉയർത്താൻ തന്നെയാവും റയൽ ശ്രമം. തന്റെ ആദ്യ ലാ ലീഗ കിരീടം ലക്ഷ്യമിടുന്ന സിദാനെ സംബന്ധിച്ചും ഈ മത്സരം നിർണ്ണായകമാണ്. ഐ.പി.എൽ മത്സരങ്ങളുള്ളതിനാൽ ലാ ലീഗ മത്സരങ്ങൾ ടെൻ 1, ടെൻ 1 എച്ച്.ഡി എന്നീ ചാനലുകളിലാവും ടെലികാസ്റ്റ് ചെയ്യുക.

Previous articleമണ്ഡലാംകുന്നിൽ ഇന്നു മുതൽ സെവൻസ് ആരവം
Next articleക്രാമറിക്കിന്റെ തകർപ്പൻ ഗോളിൽ ഹോഫെൻഹെയിം ബയേണിനെ അട്ടിമറിച്ചു