റയലിനൊപ്പമെത്താൻ ബാഴ്സയും അത്ലെറ്റിക്കോയും ഇന്ന് നേർക്ക് നേർ

- Advertisement -

ലാ ലീഗയിൽ ഇന്ന് ബാഴ്സലോണയും അത്ലെറ്റിക്കോ മാഡ്രിഡും നേർക്ക് നേർ വരുമ്പോൾ ഏതാണ്ട് കിരീടം വരെ നിർണ്ണയിക്കാൻ പ്രാപ്തമാവും ഈ മത്സരത്തിന്റെ  ഫലം. ലീഗിൽ മുന്നിലുള്ള റയൽ മാഡ്രിഡിനെ പിടിക്കാൻ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ഇനിയുള്ള മത്സരങ്ങളിൽ വരുത്തുന്ന ചെറിയ പിഴവ് പോലും വിനയാകുമെന്നതിനാൽ കരുതിയാവും ലൂയിസ് എൻറിക്വയുടെ ടീം ഇറങ്ങുക. ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയോട് തകർന്നടിഞ്ഞ ബാഴ്സ കഴിഞ്ഞ കളിയിൽ ലെഗാനെസിനെതിരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നതും കാണണം. സ്ഥിരത പുലർതാത്ത പ്രതിരോധവും മധ്യനിരയും ബാഴ്സക്ക് വില്ലനായേക്കും. കഴിഞ്ഞ കളിയിൽ ഇരട്ടഗോൾ നേടിയ മെസ്സിയിൽ തന്നെയാണ് ബാഴ്സ പ്രതീക്ഷകൾ. മറുവശത്ത് ഒരിടവേളക്ക് ശേഷം ഉജ്ജ്വല ഫോമിലാണ് അത്ലെറ്റിക്കോ മാഡ്രിഡ്. ചാമ്പ്യൻസ് ലീഗിൽ ലെവർകൂസനെ തകർത്ത അവർ കഴിഞ്ഞ മത്സരത്തിൽ സ്പോർട്ടിങ് ഗിയോണേയും തകർത്തു. ഉജ്ജ്വല ഫോമിലെത്തിയ ഫ്രഞ്ച് താരം ഗമേരിയോക്കൊപ്പം ഗ്രീസ്മാൻ, ടോറസ് കരാസ്കോ എന്നിവരും ഫോമിലാണ്. സ്വന്തം മൈതാനത്ത് ജയം തന്നെയാവും സിമിയോണിയും സംഘവും ലക്ഷ്യമിടുക. ഞായറാഴ്ച്ച രാത്രി 8.45 നാണ് ഈ മത്സരം നടക്കുക.

തിങ്കളാഴ്ച്ച പുലർച്ചെ 1.15 നു നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് വിയ്യ റയലാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ വലൻസിയോട് അപ്രതീക്ഷിത തോൽവി ഏറ്റ് വാങ്ങിയ റയൽ വിജയവഴിയിലേക്കുള്ള തിരിച്ച് വരവാവും ലക്ഷ്യമിടുക. റൊണാൾഡോ, ക്രൂസ്, കാസ്മെരിയോ, ബെൻസേമ എന്നിവർക്ക് പുറമെ ബെയിലിന്റെ  തിരിച്ച് വരവും അവർക്ക് ശക്തി പകരുന്നു. മറുവശത്ത് ലീഗിൽ ആറാമതുള്ള വിയ്യ റയൽ കഴിഞ്ഞ കളിയിൽ കരുത്തരായ റയൽ സോസിദാഡിനെ മറികടന്ന ആത്മവിശ്വാസവുമായാവും മത്സരത്തിനെത്തുക. ഞായറാഴ്ച്ചത്തെ മത്സരങ്ങളിൽ അത്ലെറ്റിക്കോ ബിൽബാവോ ഗ്രനാഡയെ നേരിടുമ്പോൾ സ്പോർട്ടിങ് ഗിയോണാണ് സെൽറ്റ വിഗയുടെ എതിരാളികൾ.

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ 2-1 നാണ് സെവിയ്യ മറികടന്നത്. ചാമ്പ്യൻസ് ലീഗിൽ ലെസ്റ്ററെ മറികടന്ന ആത്മവിശ്വാസവുമായെത്തിയ സാമ്പോളിയുടെ ടീം പിറകിൽ നിന്ന ശേഷമാണ് ജയിച്ച് കയറിയത്. ഇതോടെ ലീഗിൽ 2 മത്സരം റയലിനേക്കാൾ അധികം കളിച്ച അവർ പോയിന്റ് നിലയിൽ റയലിനൊപ്പമെത്തി. വലൻസിയക്കെതിരെ ആൽവസ് 2-1 ൻ്റെ ജയം കണ്ടപ്പോൾ ഐബർ മാലാഗയെ 3-0 ത്തിനു തകർത്തു. ഡെപ്പോർട്ടീവോയെ 4-0 ത്തിനു തകർത്ത ലെഗാനെസും ഇന്നലെ ജയം കണ്ടു.

Advertisement