ഉംറ്റിട്ടിക്ക് പുറത്തേക്കുള്ള വഴി തേടി ബാഴ്‌സ

അടുത്ത സീസണിന് മുന്നോടിയായി ടീമിൽ നിന്ന് ബാഴ്സലോണ ഒഴിവാക്കാൻ ശ്രമിക്കുന്നത് ഒരു പിടി താരങ്ങളെയാണ്. പല താരങ്ങളും ടീം വിടാൻ കൂട്ടക്കാത്തതും ഉയർന്ന സാലറിയും പ്രശ്നം ആണ്. എന്നാൽ ഫ്രഞ്ച് പ്രതിരോധ താരം ഉംറ്റിട്ടിയുടേത് പ്രത്യേക സാഹചര്യമാണ്. താരത്തിന് വേണ്ടി പുതിയ ക്ലബ്ബോ പറ്റിയ ഓഫറോ കണ്ടു പിടിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ് താരത്തിന്റെ ഏജന്റും ബാഴ്‌സയും. ടീമിൽ നിന്ന് പോയെ തീരൂ എന്ന് ബാഴ്‌സയും താൻ ടീം വിടാൻ തയ്യാറാണ് എന്ന് താരവും അറിയിച്ചിട്ടും കാര്യങ്ങൾ കരുതിയ പോലെ മുന്നോട്ടു പോകുന്നില്ല.

പരിക്കും ഉയർന്ന സാലറിയും കാരണം മുൻപും താരത്തിന്റെ കൈമാറ്റം ക്ലബ്ബിന് മുന്നിൽ വലിയ പ്രശ്നം ആയിരുന്നു. ടീം സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ തന്നെ വരുമാനം കുറക്കാനും താരം തയ്യാറായി. ഇത് പുതിയ കളിക്കാരെ ടീമിൽ എത്തിക്കാൻ സഹായകരമായി. എന്നാൽ തുടരുന്ന പരിക്ക് തന്നെയാണ് താരം നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ സീസണിൽ ഭൂരിഭാഗവും പരിക്ക് മൂലം പുറത്തിരുന്ന താരം പിച്ചിലേക്ക് മടങ്ങി വന്നെങ്കിലും പഴയ താളം കണ്ടെത്താൻ ആയില്ല. ലിയോണിലേക്ക് താരം മടങ്ങി പോകും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

പക്ഷെ നിലവിൽ ഇരുപത്തിയെട്ട്കാരന് വേണ്ടി ഒരു ഓഫറും ടീമിന്റെ മുന്നിൽ ഇല്ല. തങ്ങളുടെ മുൻതാരത്തിന് വേണ്ടി ലിയോണും ഔദ്യോഗികമായി ഒരു ഓഫറും മുന്നോട്ടു വെച്ചിട്ടില്ല.

ബാഴ്‌സയിൽ നിലവിലെ സാഹചര്യത്തിൽ ടീമിൽ അവസരങ്ങൾ കുറവ് ആണെന്നതിനാൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ ആണ് ഉംറ്റിട്ടിക്കും താൽപര്യം. എത്രയും പെട്ടെന്ന് താരത്തിന് വേണ്ടി പുതിയ ക്ലബ്ബ് കണ്ടെത്താൻ ഉള്ള ശ്രമത്തിൽ താരത്തിന്റെ ഏജന്റും ബാഴ്‌സയും. ടീം മാറുകയാണെങ്കിലും സാലറി അടക്കമുള്ള വിഷയങ്ങളിൽ ഉംറ്റിട്ടി വിട്ടു വീഴ്ച്ച ചെയ്യേണ്ടി വരും