ഓഡി കപ്പ് അത്ലറ്റിക്കോ മാഡ്രിഡിന്

- Advertisement -

ലിവർപൂളിനെ പെനാൽറ്റിയിൽ തകർത്ത് ഓഡി കപ്പ് അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. നിശ്ചിത സമയത്ത് ഓരോ ഗോൾവീതമടിച്ച് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് ലിവർപൂൾ അടിയറവ് പറഞ്ഞത്. പ്രീ സീസണിലെ ലിവർപൂളിന്റെ ആദ്യ പരാജയം ആണിത്

അത്ലറ്റിക്കോയ്ക്ക് വേണ്ടി കെയ്‌ദി ബാരെയും ലിവർപൂളിന് വേണ്ടി റോബർട്ടോ ഫിർമിനോയും ഗോളടിച്ചു. ജോർദാൻ ഹെൻഡേഴ്‌സൺ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ പരാജയപ്പെട്ടപ്പോൾ വിജയം സ്പാനിഷ് ടീമിന്റേതായി.

ബയേൺ മ്യൂണിക്കിനെ സ്വന്തം തട്ടകത്തിൽ തകർത്ത ആത്മവിശ്വസവുമായാണ് ലിവർപൂൾ അത്ലറ്റിക്കോയ്ക്കെതിരെ ഇറങ്ങിയത്. അലയൻസ് അറീനയിൽ ആദ്യ ഗോൾ നേടിയത് അത്ലറ്റിക്കോ മാഡ്രിഡ് ആണ്. 35 ആം മിനുട്ടിൽ ഒരു ക്ലോസ് റെയിഞ്ച് ഹെഡ്ഡറിലൂടെ കെയ്‌ദി ബാരെ സ്‌കോർ ചെയ്തു. രണ്ടാം പകുതിയിൽ ഒട്ടേറെ മാറ്റങ്ങളുമായെത്തിയ ലിവർപൂളിന് റോബർട്ടോ ഫിർമിനോയിലൂടെ സമനിലനേടാനായി. ഫൗളിലൂടെ ലഭിച്ച പെനാൽറ്റി ഫിർമിനോ ലക്ഷ്യത്തിലേക്ക് പായിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ജോർദാൻ ഹെൻഡേഴ്‌സണിനു ലക്‌ഷ്യം പിഴച്ചു.

ലിവർപൂൾ ഇനി അത്ലറ്റിക്കോ ബിൽബാവോയെ ഡബ്ലിനിൽ വെച്ച് നേരിടും. ഇംഗ്ലണ്ടിലേക്ക് പറക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് പ്രീമിയർ ലീഗിൽ പുതുമുഖങ്ങളായ  ബ്രൈറ്റൺ എഫ്‌സിയെ ഓഗസ്റ് ആറിന് അമേക്സ് സ്റ്റേഡിയത്തിൽ വെച്ച് നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement