റയലും ബാഴ്സലോണയും അല്ല, അത്ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് ചാമ്പ്യന്മാർ!!

ലാലിഗ കിരീടം ഇത്തവണ എൽ ക്ലാസികോ കളിക്കുന്ന വമ്പന്മാരായ ബാഴ്സലോണക്കോ റയൽ മാഡ്രിഡിനോ അല്ല. ആ രണ്ടു ശക്തികളെയും മറികടന്ന് കൊണ്ട് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. അവസാനം വരെയുള്ള റയൽ മാഡ്രിഡിന്റെ സമ്മർദ്ദവും മറികടന്നാണ് അത്ലറ്റിക്കോയുടെ കിരീടത്തിലേക്കുള്ള യാത്ര.

ഇന്ന് അവസാന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് വല്ലഡോയിഡിനെ പരാജയപ്പെടുത്തിയതോടെയാണ് കിരീടം ഉറപ്പിച്ചത്. രണ്ടാമതുള്ള റയൽ മാഡ്രിഡ്‌ വിയ്യറയലിന് എതിരായ മത്സരത്തിൽ വിജയിച്ചു എങ്കിലും അത്ലറ്റിക്കോ തന്നെ കിരീടം എടുത്തു. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം പൊരുതിയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് വിജയം നേടിയത്. റിലഗേഷൻ പോരാട്ടത്തിൽ ഉണ്ടായിരുന്ന വല്ലഡോയിഡിനെ 2-1നാണ് സിമിയോണിയുടെ ടീം തോൽപ്പിച്ചത്. ഇന്ന് പതിനെട്ടാം മിനുട്ടിൽ വല്ലഡോയിഡ് ആണ് കളിയിൽ ആദ്യം ലീഡ് എടുത്തത്. ഒരു കൗണ്ടർ അറ്റാക്കിലൂടെ ഓസ്കാർ പ്ലാനോ ആണ് അത്ലറ്റിക്കോ മാഡ്രിഡിനെ ഞെട്ടിച്ചു കൊണ്ട് ഗോൾ നേടിയത്.

ഇതേ സമയം ഡെ സ്റ്റെഫാനോ സ്റ്റേഡിയത്തിൽ റയൽ മാഡ്രിഡും ഒരു ഗോളിന് പിറകിൽ പോയി. അവിടെ വിയ്യറയൽ ഇരുപതാം മിനുട്ടിൽ യെറമി പിനോയിലൂടെ ലീഡ് എടുത്തു. കിരീട പോരാട്ടത്തിൽ ഉള്ള രണ്ടു ടീമുകളും പരാജയപ്പെടുന്നത് കൊണ്ട് തന്നെ അത്ലറ്റിക്കോ മാഡ്രിഡ് അപ്പോഴും ടേബിളിൽ ഒന്നാമത് നിന്നു.

രണ്ടാം പകുതിയിൽ അത്ലറ്റിക്കോ മാഡ്രിഡും റയലും അവരുടെ മത്സരങ്ങളിൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 55ആം മിനുട്ടിൽ റയൽ മാഡ്രിഡ് ബെൻസീമയിലൂടെ സമനില നേടി. പിന്നാലെ അതേ നിമിഷത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് കൊറേയയിലൊടെ വല്ലഡോയിഡിന് എതിരെയും സമനല നേടി. റയലിന്റെ ഗോളാകട്ടെ ഓഫ്സൈഡ് ആയതിനാൽ വാർ നിഷേധിച്ചു. റയൽ വിയ്യറയലിനെതിരെ 1-0ന് പിറകിൽ തുടർന്നു. അത്ലറ്റിക്കോ 1-1 എന്ന നിലയിലും. അപ്പോൾ അത്ലറ്റികോക്ക് 84 പോയിന്റും റയലിന് 81 പോയിന്റും.

ഇതിനു പിന്നാലെ അത്ലറ്റിക്കോ മാഡ്രിഡ് കിരീടം ഉറപ്പിച്ച ലീഡും നേടി. 68ആം മിനുട്ടിൽ വല്ലഡോയിഡിന്റെ ഒരു പാസ് പാളിയപ്പോൾ ആ പന്ത് ഒറ്റയ്ക്ക് മുന്നിൽ നിൽക്കുക ആയിരുന്ന സുവാരസിന് ലഭിച്ചു. അതുമെടുത്ത് ഒറ്റയ്ക്ക് കുതിച്ച് കൊണ്ട് സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് പിറകിൽ പോയ ശേഷ പൊരുതി സുവാരസിന്റെ ഗോളിൽ അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് എടുക്കുന്നത്.

2-1ന്റെ ലീഡ് ഫൈനൽ വിസിൽ വരെ നിലനിർത്താൻ അത്ലറ്റിക്കോ മാഡ്രിഡിനായി. റയൽ മാഡ്രിഡ് അവരുടെ മത്സരത്തിൽ അവസാനം ബെൻസീമയുടെയും മോഡ്രിചിന്റെയും ഗോൾ കൊണ്ട് 2-1ന്റെ വിജയം നേടി അവസാനം ആവേശമാക്കി. എങ്കിലും അത്ലറ്റിക്കോ മാഡ്രിഡ് 86 പോയിന്റുമായാണ് ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റയൽ മാഡ്രിഡ് 84 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു.

അത്ലറ്റിക്കോ മാഡ്രിഡിന്റെ പതിനൊന്നാം ലാലിഗ കിരീടമാണിത്. 2013-14 സീസണു ശേഷമുള്ള ആദ്യ കിരീടവും. അവസാന 6 സീസണിലും റയൽ മാഡ്രിഡോ ബാഴ്സലോണയോ മാത്രമായിരുന്നു സ്പെയിനിൽ കിരീടം നേടിയത്. കഴിഞ്ഞ മത്സരത്തിലെ പരാജയത്തോടെ തന്നെ ബാഴ്സലോണയുടെ കിരീട സാധ്യതകൾ അവസാനിച്ചിരുന്നു.