Site icon Fanport

വലൻസിയയെ മറികടന്ന് അത്ലറ്റികോ, ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം കുറച്ചു

ല ലീഗെയിലെ നിർണായക പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിന് നിർണായക ജയം. സ്വന്തം മൈതാനമായ വാൻഡ മെട്രോ പൊലീറ്റാനോയിൽ എതിരില്ലാത്ത 1 ഗോളിനാണ് സിമയോണിയുടെ ടീം വലൻസിയയെ മറികടന്നത്. രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോക്ക് മൂന്നാം സ്ഥാനക്കാരായ വലൻസിയ കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും എയ്ഞ്ചൽ കൊറേയയുടെ ലോങ് റേഞ്ച് ഗോളാണ് അത്ലറ്റികോക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്സയുമായുള്ള പോയിന്റ് വിത്യാസം 9 ആയി കുറക്കാനും അത്ലറ്റികോക്കായി. നിലവിൽ 22 റൗണ്ടുകൾ പിന്നിട്ടപ്പോൾ ബാഴ്സക്ക് 58 പോയിന്റും അത്ലറ്റികോക്ക് 49 പോയിന്റുമാണ് ഉള്ളത്.

ഗ്രീസ്മാനൊപ്പം ഡിയാഗോ കോസ്റ്റയെ ആക്രമണത്തിൽ ഇറക്കിയ സിമയോണി മധ്യനിരയിൽ കൊകേക്ക് ഒപ്പം സൗൾ നിഗസിനെ നിയമിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിൽ ഊന്നി കളിച്ചതോടെ കാര്യമായ അവസരങ്ങൾ ഒന്നും പിറന്നില്ല. 29 ആം മിനുട്ടിൽ ഡിഫെണ്ടർ സ്റ്റെഫാൻ സാവിക് പരിക്കേറ്റ് മടങ്ങിയത് അത്ലറ്റികോക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ പരിക്കേറ്റ ഗോഡിനും മടങ്ങിയതോടെ അത്ലറ്റികോ പ്രതിരോധം ദുർബലമാവും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വലൻസിയ ആവട്ടെ സാസയും സാന്റി മിനെയും ഫോം കണ്ടെത്താൻ വിഷമിച്ചപ്പോൾ അത്ലറ്റികോ ഗോൾ മുഖത്ത് കാര്യമായി ഒന്നും ചെയാനാവാതെ വിഷമിച്ചു. 59 ആം മിനുട്ടിൽ കൊക്കെയുടെ പാസ്സ് സ്വീകരിച്ച കൊറേയയുടെ കിടിലൻ ഷോട്ട് വലയിലായതോടെ അത്ലറ്റികോ മത്സരത്തിൽ പിടി മുറുക്കി. പിന്നീട് മികച്ച രീതിയിൽ പ്രതിരോധിച്ച അത്ലറ്റികോ ജയം ഉറപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version